ശബരിമല: ശബരിമലയില്‍ കുപ്പിവെള്ള വിലക്കിന്റെ പശ്ചാത്തലത്തില്‍ തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ ദേവസ്വം ബോര്‍ഡ് സുസജ്ജമാണെന്ന് അവകാശപ്പെടുമ്പോഴും നിലവിലുള്ള സജ്ജീകരണങ്ങള്‍ മതിയാകാതെ വരുമോ എന്ന ആശങ്കഉയരുന്നു.
പ്രതിദിനം മൂന്നരലക്ഷം ലിറ്റര്‍ ശുദ്ധജലം ദേവസ്വം ബോര്‍ഡ് നല്‍കുമെന്നാണ് പ്രസിഡന്റിന്റെ പ്രഖ്യാപനം. ഭക്തര്‍ക്ക് ശുദ്ധജലം റിവേഴ്സ് ഓസ്മോസിസ് പ്ലാന്റുകള്‍ (ആര്.ഒ പ്ലാന്റ്) സ്ഥാപിച്ചാണ് എത്തിക്കുന്നത്. ഇത്തരം പത്തോളം പ്ലാന്റുകളാണ് സ്ഥാപിക്കുന്നത്.
240 ഓളം ടാപ്പുകളിലായിട്ടാണ് സന്നിധാനം മുതല്‍ ത്രിവേണിവരെയുള്ള സ്ഥലങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നത്. ഇതിന് പുറമേ ക്യൂകോംപ്ലക്സിലും സന്നിധാനത്തും പമ്പയിലും ചുക്കുവെള്ളം വിതരണം ചെയ്യാനും ദേവസ്വം ബോര്‍ഡ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഒന്നര ലക്ഷം ലിറ്റര്‍ ചുക്കുവെള്ളം കൊടുക്കാനാണ് ബോര്‍ഡിന്റെ പദ്ധതി.
തീര്‍ത്ഥാടക തിരക്കേറുമ്പോള്‍ പ്രതിദിനം പത്തുലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് സന്നിധാനത്ത് എത്തുന്നത്. ഇവരില്‍ ഏറിയപങ്കും കുറഞ്ഞത് 24 മണിക്കൂറെങ്കിലും സന്നിധാനത്ത് ചിലവഴിക്കാറുമുണ്ട്. തിരക്ക് വര്‍ദ്ധിച്ചാല്‍ എട്ടും പത്തും മണിക്കൂറുകള്‍ തീര്‍ത്ഥാടകര്‍ക്ക് ക്യൂ നില്‍ക്കേണ്ടിയും വരും. സന്നിധാനത്തെ ഫ്ളൈഓവറും നടപ്പന്തലും കവിഞ്ഞ് തീര്‍ത്ഥാടകരുടെ നിര ശരംകുത്തിവഴി മരക്കൂട്ടംവരെ നീളുകയും ചെയ്യും. ഇവര്‍ക്കെല്ലാം മതിയായ കുടിവെള്ളം എത്തിക്കാന്‍ നിലവില്‍ ദേവസ്വം ബോര്‍ഡ് തയ്യാറാക്കിയിട്ടുള്ള പദ്ധതി പര്യാപ്തമാവില്ലെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിക്കുമ്പോള്‍ ക്യൂനില്ക്കുന്നിടത്തെല്ലാം കുടിവെള്ളം എത്തിക്കുന്നതിന് ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കേണ്ടിയും വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: