ശബരിമല: മണ്ഡല മഹോത്സവത്തിനു മുന്നോടിയായി മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തില്‍ ശുചീകരണ യജ്ഞം ആരംഭിച്ചു. ശബരിമല മേല്‍ശാന്തി ബ്രഹ്മശ്രീ. ടി.എം.ഉണ്ണികൃഷ്ണന് നമ്പൂതിരി, ഭദ്രദീപം കൊളുത്തിക്കൊണ്ടാണ് ഈ വര്‍ഷത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. എംഎല്‍എയും ദേവസ്വം ബോര്‍ഡ് മെമ്പറുമായ അജയ് തറയില്‍, ശുചീകരണോപകരണങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് കൈമാറി.
രണ്ടായിരത്തി പത്തു മുതല്‍ അമൃതാനന്ദമയി മഠം നടത്തിവരുന്ന ശുചീകരണസേവനങ്ങള് എല്ലാവര്ക്കും ഉത്തമ മാതൃകയാണെന്നും അങ്ങേയറ്റം ശ്ലാഘനീയമായ പ്രവര്‍ത്തനമാണിതെന്നും അജയ് തറയില്‍ പറഞ്ഞു.
മഠത്തിന്റെ ‘അമലഭാരതം’ ശുചീകരണ പദ്ധതികളുടെ ഭാഗമായി, തുടര്‍ച്ചയായ പതിനൊന്നാമത്തെ തവണയാണ് ശബരിമലയില്‍ ശുചീകരണം നടക്കുന്നത്. ഭക്തരും ആശ്രമാന്തേവാസികളും വിദേശികളും അമൃത സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകരും അടങ്ങുന്ന രണ്ടായിരത്തിലധികം സന്നദ്ധ സേവകരാണ് ഇത്തവണത്തെ ശുചീകരണ ദൗത്യത്തിനായി ശബരിമലയിലേയ്ക്ക് എത്തിച്ചേര്‍ന്നത്.
വെള്ളിയാഴ്ച മുതല്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ മരക്കൂട്ടം, പമ്പ, നീലിമല, അപ്പാച്ചിമേട്, ശരംകുത്തി, സന്നിധാനം തുടങ്ങിയ ഇടങ്ങളാണ് വൃത്തിയാക്കുന്നത്. സ്ത്രീകളും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഞായറാഴ്ച പമ്പാ ശുചീകരണത്തില്‍ ഏര്‍പ്പെടും. ശേഖരിയ്ക്കുന്ന മാലിന്യങ്ങള്‍ വേര്‍തിരിച്ച് ചാക്കുകളിലാക്കി, സന്നിധാനത്തും പമ്പയ്ക്കടുത്തുമായി സ്ഥിതിചെയ്യുന്ന സംസ്ക്കരണ കേന്ദ്രങ്ങളിലേയ്ക്ക് എത്തിയ്ക്കാനാണ് പദ്ധതി.
കൂടാതെ, ഇരുമുടിക്കെട്ടിനെ പരിസ്ഥിതി സൗഹൃദമാക്കുന്നതിനും പ്ലാസ്റ്റിക് തുടങ്ങിയവ കുറയ്ക്കുന്നതിനും വേണ്ടിയുള്ള ബോധവല്‍ക്കരണ പരിപാടികള്‍ മാധ്യമങ്ങളിലൂടെ ശക്തമാക്കുന്നുണ്ടെന്നും കോര്‍ഡിനേറ്റര്‍, ബ്രഹ്മചാരി ഗുരുദാസ് ചൈതന്യ അറിയിച്ചു.
കേരളത്തിലെ ഒന്നര ലക്ഷത്തോളം വരുന്ന ‘അമൃതശ്രീ’ സ്വാശ്രയസംഘം പ്രവര്‍ത്തകരായ വനിതകളിലൂടെയും, രാജ്യത്തെ വിവിധ ആശ്രമ ശാഖകളിലൂടെയും പരമാവധി ഭക്തരിലേയ്ക്ക് ബോധവല്‍ക്കരണ സന്ദേശങ്ങള്‍ എത്തിയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിയ്ക്കുകയാണെന്നും, ശബരിമലയില്‍ ശുചീകരണത്തിന് ജില്ലാ ഭരണകൂടം നല്കുന്ന പിന്തുണ എടുത്തു പറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
മുന്‍വര്‍ഷങ്ങളിലായി ശബരിമലയില്‍, മഠം നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഹൈക്കോടതിയുടെ പ്രത്യേക പ്രശംസയ്ക്ക് പാത്രമായിരുന്നു. ശുചീകരണം ഞായറാഴ്ച സമാപിയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: