കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്ത്തകന് പിണറായി ഓലയമ്പലത്തെ കൊല്ലനാണ്ടി വീട്ടില്‍ രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം ക്രിമിനല്‍ സംഘത്തില്‍ പെട്ട രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
സിപിഎമ്മുകാരായ പിണറായി കണ്ടോത്ത് വീട്ടില്‍ ജ്യോതിഷ് (25), പിണറായി കണ്ണാടിമുക്കിലെ ശരണ്യ നിവാസില്‍ ശരത്ത് (23) എന്നിവരെയാണ് തലശ്ശേരി ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം, ടൗണ്‍ സിഐ പ്രദീപന് കണ്ണിപ്പൊയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് കൊലപാതകത്തില്‍ ഇരുവര്‍ക്കുമുള്ള പങ്ക് വ്യക്തമായതായി പോലീസ് പറയുന്നു. രമിത്തിനെ മൃഗീയമായി വെട്ടിപ്പരിക്കേല്പിച്ചത് ജ്യോതിഷാണെന്ന് പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.
രമിത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് കൊലയാളി സംഘത്തെ വിവരം ധരിപ്പിച്ചതും കൊലക്ക് ശേഷം മരണമുറപ്പുവരുത്തിയതും ശരത്താണ്. കൊലയാളി സംഘത്തിലെ രണ്ട് പേര് നേരത്തെ അറസ്റ്റിലായിരുന്നു. കൊലയില്‍ പങ്കെടുത്ത മറ്റ് പ്രതികളെക്കുറിച്ചും കൊലപാതകത്തില്‍ സിപിഎം നേതൃത്വത്തിനുള്ള പങ്ക് സംബന്ധിച്ചും പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് അന്വേഷണം സംഘം നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: