സ്വന്തം ലേഖകന്‍
കൊല്ലം: രണ്ടാംകവാട നിര്‍മാണത്തിന്റെ മറവില്‍ മണ്ണ് കടത്ത് വ്യാപകം.
രണ്ടാം കവാട നിര്‍മ്മാണത്തിനായി പെരിനാട് റയില്‍വേ സ്റ്റേഷന് സമീപം റയില്‍വേയുടെ ഭൂമിയില്‍ നിന്നുമാണ് മണ്ണെടുക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഈ അനുമതിയുടെ മറവിലാണ് അനധികൃത മണ്ണെടുപ്പ് നടക്കുന്നത്. ഇതിനായി റയില്‍വേ നല്‍കിയ അനുമതി മണ്ണ് മാഫിയ ദുരുപയോഗപ്പെടുത്തുകയാണ്. ദിനംപ്രതി നൂറു ലോഡ് മണ്ണുവരെ ഇവിടെ നിന്ന് പോകുന്നുണ്ട്. ഇതിന്റെ പകുതിയിലേറെ ലോഡുകള്‍ മണ്ണ് മാഫിയയാണ് കൊണ്ടുപോകുന്നത്.
ഇവിടെ നിന്നും മണ്ണുകയറ്റുന്ന ലോറികളിലെ ചിലതില്‍ മാത്രമാണ് ഗ്ലാസിന് മുന്നില്‍ റയില്‍വേയുടെ ആവശ്യത്തിലേക്കാണെന്ന സ്റ്റിക്കര്‍ പതിച്ചിരിക്കുന്നത്. മറ്റുള്ളവയില്‍ സ്റ്റിക്കറില്ല. മണ്ണുമായി പോകുന്ന വാഹനങ്ങള്‍ അതിര്‍ത്തി ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുവയാണ്. കൂടാതെ മണ്ണ് അനുവദിച്ച് നല്‍കിയെന്ന് പറയുന്ന പാസ് കോണ്‍ട്രാക്ടര്‍മാരുടെ കൈവശമാണ് ഉള്ളത്. അതേസമയം രാവിലെ അഞ്ചിന് തുടങ്ങുന്ന മണ്ണെടുപ്പ് രാത്രി എട്ടുവരെ നീളുന്നതായാണ് പരിസരവാസികള്‍ പറയുന്നത്. മാസങ്ങളായി ഇവിടെ മണ്ണെടുപ്പ് നടക്കുന്നതായും ഇവര്‍ പറയുന്നു. റയില്‍വേയുടെ നിയമ പ്രകാരം രാവിലെ എട്ടുമുതല്‍ വൈകുന്നേരം ആറുമണിവരെ ഇവിടെ നിന്നും മണ്ണെടുക്കാന്‍ പാടുള്ളു. ഇത് ലംഘിച്ചുള്ള മണ്ണെടുപ്പാണ് നടക്കുന്നത്.
















