ന്യൂദല്‍ഹി: പുതിയ നോട്ടുകള്‍ പുറത്തിറക്കാനുള്ള ഭാരതത്തിന്റെ തീരുമാനം പാക്കിസ്ഥാന് നിര്‍മ്മിത കള്ളനോട്ടുകളുടെ വ്യാപനം അവസാനിപ്പിക്കും. ഭാരതത്തില്‍ കള്ളനോട്ടൊഴുക്കുന്ന പാക്കിസ്ഥാന് വ്യാജമായി നിര്മ്മിക്കാനാകാത്ത രൂപകല്‍പ്പനയോടെയാണ് പുതിയ നോട്ടുകള്‍. കള്ളനോട്ട് അടിക്കുന്നവര്‍ക്ക് പകര്‍ത്താനാകാത്ത സുരക്ഷാ രീതികളാണ് പുതിയ നോട്ടിലെന്ന് ഇന്റലിജന്റ്സ് ഗവേഷണ വിഭാഗം വ്യക്തമാക്കി. റോ, ഇന്റലിജന്റ്സ് ബ്യൂറോ, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്സ് എന്നീ ഏജന്‍സികളുടെ മേല്‍നോട്ടത്തിലാണ് ആറ് മാസം അതീവ രഹസ്യമായി നോട്ടുകളുടെ അച്ചടി നടന്നത്.
പെഷവാറിലാണ് ഭാരതത്തിലേക്കുള്ള കള്ളനോട്ടുകള്‍ പാക്കിസ്ഥാന് അച്ചടിക്കുന്നതെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിനും ആര്‍ബിഐക്കും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും യഥാര്‍ത്ഥമെന്ന് തോന്നിക്കുന്ന നോട്ടുകള്‍ എത്ര വേണമെങ്കിലും അച്ചടിക്കാനുള്ള സംവിധാനമാണ് പെഷവാറിലേത്.
ദാവൂദ് ഇബ്രാഹിം, ലഷ്കറെ തൊയ്ബ, അന്താരാഷ്ട്ര ക്രിമിനല്‍ സംഘങ്ങള്‍ എന്നിവയുടെ സഹായത്തോടെ പാക്ക് ചാരസംഘടന ഐഎസ്ഐ ആണ് ഭാരതത്തില്‍ കള്ളനോട്ട് വ്യാപിപ്പിക്കുന്നത്. പാക്ക് സര്‍ക്കാരിന്റെ പിന്തുണയോടെയാണിത്. ഭാരതത്തിന്റെ സമ്പദ്ഘടന തകര്‍ക്കുന്നതിനൊപ്പം ഭീകരപ്രവര്‍ത്തനത്തിനും ഉപയോഗിക്കപ്പെടുന്നു. പുതിയ തീരുമാനത്തോടെ പാക്കിസ്ഥാന് പ്രതിവര്‍ഷം 500 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ കണക്ക്. ചെലവഴിക്കപ്പെടുന്ന കള്ളനോട്ടുകളുടെ നാല്‍പ്പത് ശതമാനത്തോളമാണ് ഐഎസ്ഐക്ക് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: