ആലുവ: നഗരത്തില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ ബ്രൗണ്‍ഷുഗര്‍ ഉള്‍പ്പെടെ വിവിധയിനം മയക്കുമരുന്നുമായി മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികള്‍ പിടിയില്‍. ആലുവ റെയില്‍വെ സ്റ്റേഷന് ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ നിന്നും 90 പൊതി ബ്രൗണ്‍ ഷുഗറുമായി ബബ്ലൂ ഹൊസൈന്‍ സെയ്ഖും, മിനിസിവില്‍ സ്റ്റേഷന് റോഡില്‍ നിന്ന് നൈഡ്രസെഫാം ഗുളികകളുമായി ബിമല്‍ മണ്ഡലിനേയും, ഇരുപത് ഗ്രാം കഞ്ചാവുമായി റഫീക്കുല്‍ ഇസ്ലാമിനേയുമാണ് പിടികൂടിയത്.
ആലുവ എക്സൈസ് സി.ഐ എം.എസ്. ബാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ബ്രൗണ്‍ ഷുഗറുമായി പിടികൂടിയ ബബ്ലൂ ഹൊസൈന്‍ ആലുവ, പിറവം, പെരുമ്പാവൂര്‍ ഭാഗങ്ങളില്‍ വില്‍പ്പന നടത്തുന്ന ആളാണ്. ഒരു ചെറിയ പൊതിക്ക് ഇരുന്നൂറ് രൂപയ്ക്കാണ് വിറ്റിരുന്നത്.
ബിമല്‍ മണ്ഡല് പതിവായി മയക്കുമരുന്ന് ഗുളികകളാണ് വിറ്റിരുന്നത്. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസിര്‍മാരായ പി. അനീഷ് മോഹന്‍, എസ്. സുരേഷ്കുമാര്‍, എം.കെ. കാര്ത്തികേയന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി.ജി. രാജേഷ്, ഷിവിന്‍, എം.ബി. സജീവ്കുമാര്‍, ശശി ആചാരി എന്നിവര്‍ പങ്കെടുത്തു. പ്രതികളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: