കൊച്ചി: ജില്ലയില്‍ നോട്ടുകള്‍ മാറുന്നതിനായി ബാങ്കുകളില്‍ വന്‍ തിരക്കായിരുന്നു. പല ബാങ്കുകളും ഉച്ചയോടെ പണം തീര്‍ന്നതിനെ തുടര്‍ന്ന് അടച്ചു. ഇതോടെ എസ്ബിെഎ, എസ്ബിടി ബാങ്കുകളില്‍ തിരക്ക് വര്‍ദ്ധിച്ചു. വൈകീട്ട് 6 ന് ശേഷവും ആള്ക്കാര് നോട്ട് മാറാനായി ബാങ്കുകള്‍ക്ക് മുന്നിലെത്തി. ഇത് വലിയ ബുദ്ധിമുട്ടല്ലെന്നും രാജ്യനന്മയ്ക്കല്ലേയെന്നായിരുന്നു കാത്തുനിന്നവരില്‍ അധികംപേരുടെയും പ്രതികരണം.
1000, 500 നോട്ടുകള്‍ മാറ്റി 100 ന്റെ നോട്ടുകള്‍ നല്കി ചില വിരുതന്‍മാന്‍ ഇന്നലെ പണം സമ്പാദിച്ചു. 1000 രൂപയ്ക്ക് 850 രൂപ നല്‍കിയാണ് ഇവര്‍ കൊയ്ത്ത് നടത്തിയത്. ഉച്ചയോടടെ ബാങ്കുകള്‍ക്ക് മുമ്പില്‍ പോലീസ് എത്തിയതോടെ ഇവര്‍ അപ്രത്യക്ഷരായി. അന്യസംസ്ഥാന തൊഴിലാളികലാണ് ഇവരെ ആശ്രയിച്ചവരില്‍ അധികവും. ലോട്ടറി വില്‍പ്പനക്കാര്‍ക്കും ഇന്നലെ നല്ല കച്ചവടമായിരുന്നു. 100 രൂപയ്ക്ക് രണ്ട് ലോട്ടറി ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ചില്ലറ നല്കി കച്ചവടം പൊടിപ്പൊടിച്ചവരുമുണ്ട്.
മട്ടാഞ്ചേരിയിലെ ബാങ്കുകളിലും തിരക്ക് അനുഭവപ്പെട്ടു. അതിനിടെ നോട്ടുകള്‍ കൊച്ചി തീരത്ത് ഉപേക്ഷിച്ചെന്നും കടലിലൊഴുക്കിയെന്നുമുള്ള വാര്‍ത്ത പ്രചരിച്ചു. പോലീസിന്റെ അന്വേഷണത്തില്‍ ഇത് കിംവദന്തിയാണന്ന് തെളിഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ജന രോഷമുയര്ത്താന് ബാങ്കിങ്ങ് രംഗത്തെ ഇടതു യൂണിയനുകള്‍ ശ്രമിക്കുന്നതായും ചില കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടി. തിരിച്ചറിയല്‍ രേഖകളില്‍ സംശയമുയര്‍ത്തി കാലതാമസം സൃഷ്ടിക്കുന്നതായും സര്‍ക്കാര്‍ നടപടി സാധാരണക്കാരനെ വലയ്ക്കുന്നതിനാണന്ന് ഇവര്‍ പ്രചരിപ്പിക്കുന്നതായി ഉപഭോക്താക്കള്‍ പറയുന്നു.
പളളുരുത്തിയില്‍ നോട്ട് മാറിയെടുക്കാനെത്തിയവരില് അധികവും വീട്ടമ്മമാരായിരുന്നു. എസ്ബിഐ, എസ്ബിടി ,ഫെഡറല്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക് ശാഖകളിലും വന്‍ തിരക്ക് അനുഭവപ്പെട്ടു. പല ബാങ്ക് ശാഖകളിലും പ്രത്യേക കൗണ്ടര്‍ തുറന്നിരുന്നുവെങ്കിലും ഇടപാടുകള്‍ക്ക് വേഗത കുറഞ്ഞത് നാട്ടുകാര്‍ക്ക് ചില്ലറ ബുദ്ധിമുട്ടുണ്ടാക്കി. എന്നാല്‍ പോലും രാജ്യ താല്പര്യം മുന്‍നിര്‍ത്തി പ്രധാന മന്ത്രിയെടുത്ത തീരുമാനം പ്രശംസയര്‍ഹിക്കുന്നതായി ഫെഡറല്‍ ബാങ്കില്‍ ഇടപാടിനെത്തിയ പള്ളുരുത്തി സ്വദേശി ചെറുപറമ്പില്‍ സി ജി പ്രതാപന് പറഞ്ഞു. ബാങ്കിലെ ഇട പാടുകളില്‍ മുടക്കം വരാതിരിക്കാന്‍ ജീവനക്കാര്‍ നടത്തിയ സേവനം പ്രശംസനീയമാണെന്ന് വീട്ടമ്മ പറഞ്ഞു.
വൈകിട്ട് ആറുമണി കഴിഞ്ഞും ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിച്ചത് ജനത്തിന് ആശ്വാസമായി. ഇടപാടുകാരെ ബുദ്ധിമുട്ടിക്കാതെ സേവനം നടത്തുവാന്‍ ജീവനക്കാര്ക്ക്കൃത്യമായ നിര്‍ദ്ദേശം നല്കിയിട്ടുള്ളതായി എസ്ബിടി കൊച്ചി എജിഎം സുകുമാര ഷെട്ടി പറഞ്ഞു.
മരട് മേഖലയിലെ ബാങ്കുകളില്‍ ഇടവേള ഇല്ലാതെ ജീവനക്കാര്‍ കൈകാര്യം ചെയ്തെങ്കിലും വലിയ തുകകളുമായെത്തിയവ എണ്ണി തിട്ടപ്പെടുത്തി നിക്ഷേപിക്കുന്നതിന് സമയം എടുത്തതു. ക്യൂ തെറ്റിച്ചതും ചില ബ്രാഞ്ചുകളില്‍ ബഹളത്തിന് ഇടയാക്കി. എസ്ബിഐ പേട്ട ബ്രാഞ്ചില്‍ ഉച്ചഭക്ഷണ സമയത്ത് കൗണ്ടറുകളുടെ എണ്ണം കുറഞ്ഞപ്പോള്‍ ഒരാളുടെ നിക്ഷേപം സ്വീകരിക്കാന്‍ മാത്രം അര മണിക്കൂറോളം എടുത്തു.
എസ്ബിടി തൈക്കൂടം ശാഖയ്ക്ക് മുന്നിലെ വീതി കുറവുള്ള റോഡില്‍ വാഹനങ്ങള്‍ നിറുത്തിയതോടെ ഗതാഗത കുരുക്കും ഉണ്ടായി. പോലീസെത്തി വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടു. വൈകിട്ട് ആറു മണിക്കു മുന്‍പ് ബാങ്കിനുള്ളില്‍ കയറിയ എല്ലാവരുടെയും ഇടപാടുകള്‍ നടത്തിയതിനു ശേഷമാണ് ക്യാഷ് കൗണ്ടറുകള്‍ അടച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: