നിങ്ങള്‍ക്കൊരു ചരിത്രമുണ്ട്. ആ ചരിത്രം യാദൃച്ഛികമാണ്. അതുപോലെ നിങ്ങള്‍ക്കൊരു പ്രകൃതമുണ്ട്. ആ പ്രകൃതം ചരിത്രപരമല്ലാത്തതാണ്. നിങ്ങളൊരു പ്രത്യേകനാളിലാണ് ജനിച്ചത്. ഒരു പ്രത്യേക മാതാപിതാക്കളുടെ പുത്രനായിട്ടാണ് ജനിച്ചത്. ഒരു പ്രത്യേക കാലഘട്ടത്തിലാണ് ജനിച്ചത്.
ഒരു പ്രത്യേക രീതിയിലാണ് വിദ്യാഭ്യാസം നേടിയെടുത്തത്. തൊഴിലിലേക്ക് പ്രവേശിക്കുന്നു, ഒരു പെണ്‍കുട്ടിയുമായി പ്രേമത്തിലായിത്തീരുന്നു, നിങ്ങളവളെ വിവാഹം കഴിക്കുന്നു, നിങ്ങള്‍ക്ക് കുട്ടികളുണ്ടാകുന്നു. ഈ നാടകങ്ങള്‍ മുത്തുകളാണ്. ഈ സംഭവങ്ങളും ചരിത്രവും മുത്തുകളാണ്. എന്നാല്‍ ഏറ്റവും അടിത്തട്ടില്‍ നിങ്ങളെല്ലായിപ്പോഴും ഏകനാണ്.
ഈ സംഭവങ്ങള്‍ കാരണമായി നിങ്ങള്‍ നിങ്ങളെത്തന്നെ പൂര്‍ണമായും മറക്കുകയാണെങ്കില്‍ അപ്പോള്‍ ഇവിടെയായിരിക്കുകയെന്ന ഉദ്ദേശ്യത്തെ തന്നെ നിങ്ങള്‍ നഷ്ടപ്പെടുത്തിക്കഴിഞ്ഞു. നിങ്ങള്‍ ആ നടനെ, അതിന്റെ ഭാഗമല്ലാത്ത, അതിലൊരു വേഷം മാത്രം അഭിനയിച്ചുകൊണ്ടിരിക്കുന്ന ആ നടനെ വിസ്മരിച്ചു കഴിഞ്ഞു. ഈ കാര്യങ്ങളെല്ലാം ഈ കഥാപാത്രത്തിന്റെ വിവിധ വേഷങ്ങള്‍ മാത്രമാണ്. ഇത് കാരണമായി ഭാരതത്തിന് എഴുതപ്പെട്ട ചരിത്രങ്ങളൊന്നും തന്നെയില്ലാതായിത്തീര്‍ന്നു.
വാസ്തവത്തില്‍ എപ്പോഴാണ് കൃഷ്ണന് ജനിച്ചതെന്നോ, എപ്പോഴാണ് കൃഷ്ണന് മരിച്ചതെന്നോ, അല്ലെങ്കില്‍ എപ്പോഴാണ് രാമന് ജനിച്ചതെന്നോ, എപ്പോഴാണ് രാമന് മരിച്ചതെന്നോ, തീര്‍ച്ചപ്പെടുത്താന്‍ ബുദ്ധിമുട്ടാണ്. നാം അവരുടെ ചരിത്രം എഴുതി വച്ചിട്ടില്ല. അതിന്റെ കാരണം ഇതാണ്, നാം ബന്ധപ്പെട്ടിരിക്കുന്നത് ചരടുമായിട്ടാണ്. അല്ലാതെ മുത്തുകളുമായിട്ടല്ല.
വാസ്തവത്തില്‍ ലോകത്തിലെ ആദ്യചരിത്രപുരുഷന് ക്രിസ്തുവാണ്. എന്നാല്‍ അദ്ദേഹം ഭാരതത്തിലാണ് ജീവിച്ചിരുന്നതെങ്കില്‍ അദ്ദേഹമൊരു ചരിത്രപുരുഷനാകുമായിരുന്നില്ല. ഭാരതത്തിലുള്ളവരായിരുന്ന നാം എല്ലായ്പ്പോഴും ആ ചരടിലേക്കാണ് നോക്കിക്കൊണ്ടിരിക്കുന്നത്. ആ മുത്തുകള്‍ (സംഭവങ്ങള്‍)അപ്രസക്തമാണ്. പാശ്ചാത്യര്‍ സംഭവങ്ങളോടും വസ്തുതകളോടുമാണ് കൂടുതല്‍ ആഭിമുഖ്യമുള്ളവരായിരിക്കുന്നത്. സാരവത്തായതും അനശ്വരവുമായ കാര്യങ്ങളെക്കാള്‍ കൂടുതല്‍ അവര്‍ വിലമതിക്കുന്നത് ഐഹികവും ലൗകികവുമായ കാര്യങ്ങളെയാണ്.
ഓരോ നൂറ്റാണ്ടിലും രാമന്മാരും കൃഷ്ണന്മാരും ജന്മമെടുത്തുകൊണ്ടേയിരിക്കുന്നെന്ന് ഭാരതീയര്‍ വിശ്വസിക്കുന്നു. മുന്‍പ് പല പ്രാവശ്യവും അവ ആവര്‍ത്തിക്കപ്പെട്ടു കഴിഞ്ഞു. ഇനിയും ആവര്‍ത്തിക്കപ്പെടും. അതിനാല്‍ ചരിത്രത്തെ രേഖപ്പെടുത്തിവെക്കേണ്ട ഒരാവശ്യവുമില്ല. എപ്പോഴാണ് അവര്‍ ജനിച്ചതെന്നോ മരിച്ചതെന്നോ ഉള്ള കാര്യങ്ങള്‍ അപ്രസക്തമാണ്. പ്രസക്തമായത് അവരുടെ അസ്തിത്വമാണ്. അതായത് ആ ചരടാണ്. അതിനാല്‍ വാസ്തവത്തില്‍ അവര്‍ ചരിത്രപുരുഷന്മാര് ആയിരുന്നുവോ അല്ലയോ എന്നതിനെക്കുറിച്ച് നാം താല്പര്യമുള്ളവരായിരുന്നില്ല. നാം താല്പര്യമുള്ളവരായിരിക്കുന്നത് ആ അസ്തിത്വത്തെക്കുറിച്ച് മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: