ആലപ്പുഴ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്കു വിദേശത്തു സ്ഥിര താമസ സൗകര്യം വാഗ്ദാനം ചെയ്തു പണം തട്ടിയ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. വൈക്കം മുളക്കുളം പഞ്ചായത്തില്‍ മുതിരകാലായില്‍ വീട്ടില്‍ അരുണ്‍കുമാറിനെ (അമ്പിളി40) ആണു സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഒരു സ്ത്രീയുള്‍പ്പെടെ രണ്ടു പ്രതികള്‍ ഒളിവിലാണ്. പെരുവയിലെ സ്വകാര്യ ട്രാവല്‍സ് ഉടമയായ അരുണ്‍ കളര്‍കോട് പറപ്പറമ്പില്‍ കണ്ണനില്‍ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റിലായത്.വിദേശത്തു പോകാന്‍ കിടപ്പാടം നഷ്ടപ്പെടുത്തേണ്ടി വന്ന കണ്ണന് മുഖ്യമന്ത്രിക്കും മറ്റും നല്കിയ പരാതിയെ തുടര്‍ന്നാണു പൊലീസ് അന്വേഷണം ശക്തമാക്കിയത്. ഇക്വഡോര്‍, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ എത്തിച്ചു സ്ഥിര താമസ സൗകര്യവും തുടര്‍ന്നു ജോലിയും വാഗ്ദാനം ചെയ്താണു തട്ടിപ്പ് നടത്തിയതെന്നു പോലീസ് പറഞ്ഞു. ഒളിവിലായിരുന്ന പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പെരുവയിലെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പല ഭാഗങ്ങളില്‍ നിന്നായി സംഘം 1.5 കോടി രൂപ തട്ടിയെടുത്തതായി വിവരം ലഭിച്ചതായി എസ്ഐ എം.കെ. രാജേഷ് പറഞ്ഞു. കോട്ടയം ഈസ്റ്റ്, ചാലക്കുടി, തൃശൂര്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഘാംഗമായ സ്ത്രീ ഇക്വഡോറില്‍ ജോലി ചെയ്തിട്ടുണ്ട്. എസ്ഐമാരായ എം.കെ. രാജേഷ്, പ്രേംകുമാര്‍, സിപിഒമാരായ പുഷ്പകുമാര്‍, ദിനുലാല്‍, ലാലു അലക്സ്, പ്രവീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. അമ്പലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: