ബാരാമുള്ള: ജമ്മു കശ്മീരിലെ ബാരാമുള്ളയിലെ രാംപൂര്‍ സെക്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്നു ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ട ഭീകരരുടെ പക്കല്‍ നിന്നും ഒരു എ.കെ – 47 തോക്കും കണ്ടെത്തിയിട്ടുണ്ട്. ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്ത് സൈന്യം തെരച്ചില്‍ നടത്തുകയാണ്.
ചൊവ്വാഴ്ച ജമ്മുവിലെ കുപ് വാര ജില്ലയില്‍ പാക്ക് സൈന്യം നടത്തിയ വെടിവയ്പിൽ ഒരു ഭാരത സൈനീകന് വീരമൃത്യു വരിച്ചിരുന്നു. വെടിവയ്പിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മറ്റൊരു സൈനികനും വീരമൃത്യു വരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളില്‍ സൈന്യം സുരക്ഷ ശക്തമാക്കിയ സാഹചര്യത്തിലാണ് ഇന്ന് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്.
പാക്ക് സൈന്യത്തില്‍ നിന്നുള്ള വെടിവെയ്പ് രൂക്ഷമായതോടെ ഭാരതസൈന്യം ശക്തമായി തിരിച്ചടിച്ചു. ചൊവ്വാഴ്ച മുതല്‍ പ്രകോപനമില്ലാതെ പാക് സൈന്യം ഭാരത പോസ്റ്റുകള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
അതേസമയം കൂടുതല്‍ ഭീകരര്‍ അതിര്‍ത്തിയില്‍ ഉണ്ടെന്ന സംശയത്തില്‍ രാത്രിയിലും തിരച്ചില്‍ തുടര്‍ന്നിരുന്നു. പ്രദേശവാസികള്‍ക്കും വെടിവയ്പിൽ പരിക്കേറ്റിരുന്നു.
അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ പ്രതിഷേധിച്ച പാക്ക് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ചു. ഒരാഴ്ച്ചയ്ക്കിടെ 16 തവണയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: