ന്യൂദല്‍ഹി: പുതിയ രൂപത്തിലുള്ള ആയിരം രൂപ നോട്ട് സമീപഭാവിയില്‍ പുറത്തിറക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. പുതിയ നോട്ടുകള്‍ എത്രയും പെട്ടെന്ന് ബാങ്കുകളില്‍ എത്തുമെന്ന് ഉറപ്പുവരുത്തുമെന്ന് ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നിലവിലുള്ള ആയിരം രൂപ നോട്ടുകളെല്ലാം അസാധുവാക്കിയിട്ടുണ്ട്. ഇതിന് പകരം പുതുക്കിയ മാതൃകയില്‍ ആയിരം രൂപ നോട്ടുകള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇറക്കും. ഇപ്പോള്‍ നിലവിലുള്ള മറ്റ് നോട്ടുകളും പുതുക്കി ഇറക്കാനാണ് തീരുമാനം. റിസര്‍വ് ബാങ്ക് അതിനുള്ള നടപടികള്‍ സ്വീകരിക്കും. 100 രൂപ, 50 രൂപ, 20 രൂപ, 10 രൂപ നോട്ടുകളും സമീപ ഭാവിയില്‍ തന്നെ പുതിയ ഡിസൈനോടെ പുറത്തിറക്കുമെന്നും ധനകാര്യ സെക്രട്ടറി അറിയിച്ചു.
തീരുമാനങ്ങളെടുക്കാന്‍ കഴിവുള്ള സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നുവെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ജയ്റ്റ്ലി പറഞ്ഞു. എല്ലാ തീരുമാനങ്ങളും വലിയ കൂടിയാലോചനകള്‍ക്ക് ശേഷമാണ് കൈക്കൊണ്ടത്. ഇപ്പോഴുണ്ടായിരിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അരുണ്‍ ജയ്റ്റ്ലി പറഞ്ഞു.
രൂപയുടെ മൂല്യം പരിശോധിക്കുമ്പോള്‍ വലിയ ഇടപാടുകള്‍ക്ക് വലിയ നോട്ടുകള്‍ ആവശ്യമാണ്. അതിനാലാണ് 2,000 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കിയത്. ബാങ്കുകള്‍ പരമാവധി തുറന്നിരിക്കണമെന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നതെന്നും കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും ചെക്കിലൂടെ കൂലി നല്കുന്ന ശീലം വളര്ത്തിയെടുക്കണെമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പ്രധാനമന്ത്രി 500 രൂപയുടെയും ആയിരം രൂപയുടെയും നോട്ടുകള്‍ മാത്രം പുറത്തിറക്കുമെന്നാണ് നേരത്തെ വ്യക്തമാക്കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: