കൊച്ചി: 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് മലയാള സിനിമാ താരങ്ങളും. ഒറ്റ രാത്രി കൊണ്ട് പ്രധാനമന്ത്രി നല്‍കിയ സന്ദേശം ഓരോ ഭാരതീയന്റെയും അഭിമാനമുയര്‍ത്തുന്നതാണെന്ന് മഞ്ജു വാര്യര്‍ ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി.
സാമ്പത്തിക സംവിധാനത്തെ തകര്‍ത്ത് നമ്മുടെ രാജ്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്കായ പോരാട്ടത്തില്‍ നാം കൈകോര്‍ത്ത് നിൽക്കേണ്ട സമയമാണിത്. അതുകൊണ്ടു തന്നെ കുറച്ചു ദിവസങ്ങളിലെ കേവലമായ ബുദ്ധിമുട്ടുകള്‍ മറന്ന് പ്രധാനമന്ത്രിയുടെ ദൗത്യത്തിന്റെ ഉദ്ദേശശുദ്ധിക്കൊപ്പം നിൽക്കണമെന്നും മഞ്ജു വാര്യര്‍ ആഹ്വാനം ചെയ്തു.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ കള്ളപ്പണത്തിന്റെ കറുപ്പ് പുരട്ടുന്നവര്‍ക്കും പുറത്തു നിന്ന് ഭാരതത്തിലേക്ക് കള്ളനോട്ടുകളില്‍ ഭീകരവാദം കയറ്റി അയയ്‌ക്കുന്നവര്‍ക്കുമെതിരായ മുന്നറിയിപ്പാണ് നടപടിയെന്നും അതുകൊണ്ടുതന്നെയാണ് സര്‍ക്കാര്‍ നടപടിയുടെ അലയൊലികള്‍ അതിര്‍ത്തിയും കടന്ന് പരക്കുന്നതെന്നും പറഞ്ഞു കൊണ്ടാണ് ഫെയ്‌സ് ബുക്ക് പോസ്റ്റ് മഞ്ജുവാര്യര്‍ അവസാനിപ്പിക്കുന്നത്. ദേശീയപതാകയുടെ ചിത്രം സഹിതമാണ് മഞ്ജുവി്ന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി കൈക്കൊണ്ട തീരുമാനത്തെ സ്വാഗതം ചെയ്ത് നടനും സവിധായകനുമായ ജോയി മാത്യുവും ഫെയ്‌സ് ബുക്കിലൂടെ രംഗത്തെത്തി. രാഷ്‌ട്രീയ കാഴ്ചപ്പാടുകള്‍ വ്യത്യസ്തമായാലും മനുഷ്യ നന്‍മയും രാഷ്‌ട്രപുരോഗതിയും ലക്ഷ്യം വച്ച് നടപ്പാക്കുന്ന നല്ല വശങ്ങളെ കാണാതിരുന്നു കൂടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭാരത സമ്പദ്ഘടനയില്‍ ഒരു ഉടച്ചുവാര്‍ക്കലിന്റെ മുന്നോടിയായിട്ട് വേണം ഈ തീരുമാനത്തെ കാണാനെന്നും ജോയ് മാത്യു അഭിപ്രായപ്പെട്ടു. കറന്‍സികളുടെ നിരോധനത്തിലൂടെ പലിശക്കാര്‍, മയക്കുമരുന്ന് കച്ചവടക്കാര്‍, കുഴല്‍പ്പണ മാഫിയകള്‍, ക്വട്ടേഷന്‍-കള്ളക്കടത്തു സംഘങ്ങള്‍, തീവ്രവാദ-ഭീകര സംഘടനകള്‍ എന്നിവര്‍ക്കുള്ള ഇരുട്ടടിയാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ സാധാരണക്കാരും നേരാംവണ്ണം നികുതി അടയ്‌ക്കുന്നവരും ആശങ്കപ്പെടേണ്ടതില്ല – കേരളത്തിലെ സഹകരണ ബാങ്കുകളില്‍ 30,000 കോടിയിലധികം രൂപയുടെ കള്ളപ്പണമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടയിരുന്നു – ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പറയുന്നു.
ഭാരതത്തിൽ കറന്‍സി നിരോധനത്തിലൂടെ കള്ളപ്പണത്തിന് തടയിടാനുള്ള പ്രധാനമന്ത്രി മോദിയുടെ ആദ്യ ചുവടുവെപ്പ് കൈയ്യടി അര്‍ഹിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് ഫെയ്‌സ് ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: