നവംബര്‍ 8, രാത്രി 8 മണിക്ക് ഒരു ന്യൂസ് ഫ്ലാഷ്. ഉടനെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. കുറച്ചുദിവസം മുന്‍പ് നടന്ന ചരിത്രം തിരുത്തിയ ഭാരത സൈന്യത്തിന്റെ സര്‍ജിക്കല്‍ സ്ട്രൈക്കുപോലെ എന്തോ ഒരു പ്രാധാന്യമുള്ള സംഭവമാണെന്ന് കരുതിയവര്‍ക്ക് തെറ്റി. ഭാരതസാമ്പത്തിക രംഗത്തിനും സാമ്പത്തിക വിദഗ്ധര്‍ക്കും ലോകത്തെ മുഴുവന്‍ മാധ്യമപ്പടകള്‍ക്കും ചെറുസൂചന പോലും കൊടുക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആ തീരുമാനം രാജ്യത്തെ ജനങ്ങളെ അറിയിക്കുകയായിരുന്നു.
നിലവില്‍ പ്രചാരത്തിലുള്ള 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ 4 മണിക്കൂറിനുള്ളില്‍ എന്നേക്കുമായി പിന്‍വലിക്കപ്പെട്ടു. അടുത്ത ദിവസം ബാങ്കുകള്‍ എടിഎമ്മുകള്‍ അടഞ്ഞുകിടക്കും. നവംബര്‍ 11ന് ഇലക്ട്രോണിക് ട്രാക്കിങ്ങുള്ള പുതിയ 2000 രൂപയുടെ കറന്‍സിയും, 500 രൂപയുടെ കറന്‍സിയും നൂതന കറന്‍സി നിലവില്‍ വരും. ആദ്യം അമ്പരന്ന ഭാരത ജനതയും ഈ നൂറ്റാണ്ടിലെ വിപ്ലവകരമായ ആ സാമ്പത്തിക തീരുമാനത്തെ ഇരുകൈകളും നീട്ടി സ്വാഗതം ചെയ്തു. സാമ്പത്തിക രംഗവും സാമ്പത്തിക വിദഗ്ധരും മോദിയെ പ്രശംസകള്കൊണ്ട് മൂടി. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം രാഷ്ട്രീയ ഭേദമെന്യേ കള്ളപ്പണത്തിനെതിരായ മോദിയുടെ ധീരമായ തീരുമാനത്തെ പ്രകീര്‍ത്തിച്ചു.
എന്താണ് യഥാര്‍ത്ഥത്തില്‍ 8 മണിക്ക് സംഭവിച്ചത്? അത് പൊടുന്നനെ എടുത്ത തീരുമാനം ആയിരുന്നോ? എന്തിനാണ് ഇത്രമാത്രം രഹസ്യസ്വഭാവം നിലനിര്‍ത്തിയത്? എന്താണ് അതുകൊണ്ട് പൊതുജനത്തിനുള്ള ഗുണം? ആരെയൊക്കെയാണ് മോദിയുടെ ഈ തീരുമാനം അക്ഷരാര്‍ത്ഥത്തില്‍ കൊട്ടാരത്തില്‍നിന്ന് കുടിലില്‍ എത്തിച്ചത്?
കള്ളപ്പണത്തിനെതിരെയുള്ള മോദിയുടെ കടന്നാക്രമണം ഒരിക്കലും അപ്രതീക്ഷിതമല്ല. 2014 ല്‍ അധികാരത്തില്‍വന്ന ദിവസം മുതല്‍ തുടങ്ങിയ ചിട്ടയായ ആസൂത്രണത്തിന്റെ വിവിധ ഘട്ടങ്ങളിലെ ഒരുഘട്ടം മാത്രമാണ് നിങ്ങള്‍ ടെലിവിഷനിലൂടെ അറിഞ്ഞത്. 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലെ മോദിയുടെയും ബിജെപിയുടെയും പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു കള്ളപ്പണത്തിനെതിരെയുള്ള സന്ധിയില്ലാത്ത പോരാട്ടം. കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ന് ഭാരത സാമ്പത്തിക സംവിധാനത്തില്‍ 4000 കോടി രൂപയുടെ കള്ളപ്പണം വിനിമയം ചെയ്യപ്പെടുന്നുണ്ട്. ഓരോ വര്‍ഷവും പുതുതായി 70 കോടിയുടെ കള്ളപ്പണം നമ്മുടെ സാമ്പത്തിക രംഗത്ത് എത്തിപ്പെടുന്നു. 2011 ല്‍ യുപിഎ ഭരണകാലത്തു ധനമന്ത്രി ചിദംബരം അവതരിപ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന് ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍നിന്ന് ഭാരതത്തിലേക്ക് വരുന്ന കള്ളപ്പണം 1000 നോട്ടുകളില്‍ നാല് എണ്ണം കള്ളനോട്ടുകള്‍ എന്ന കണക്കില്‍ ആയിരുന്നു. എന്നാല്‍ ഭാരതം കണ്ട ഏറ്റവും അഴിമതി നിറഞ്ഞ ഭരണം അവസാനിപ്പിച്ച് കോണ്‍ഗ്രസ് പടിയിറങ്ങുമ്പോഴേക്കും അത് അതിന്റെ പാരമ്യത്തില്‍ എത്തിയിരുന്നു. ഭാരത സാമ്പത്തിക രംഗത്തെ കുപ്രസിദ്ധ ഭീകരവാദി ദാവൂദിന്റെയും പാക്കിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐയുടെയും കള്ള കറന്‍സികള്‍ വ്യാപകമായി വരുന്നുണ്ട് എന്നത് അന്ന് സര്‍ക്കാര്‍ സമ്മതിച്ച കാര്യമാണ്. ആ രംഗത്തേക്കാണ് നരേന്ദ്ര മോദി എന്ന ആ പാവപ്പെട്ട ചായക്കടക്കാരനായ ബിജെപിക്കാരന് ഉറച്ച ലക്ഷ്യത്തോടെ നടന്നുകയറിയത്. ലക്ഷം കോടികളുടെ അഴിമതിയില്‍ മുങ്ങിക്കുളിച്ചുനിന്ന കോണ്‍ഗ്രസിനെ പടിയടച്ചു പിണ്ഡംവച്ച് ഭാരതജനത മോദിയുടെ വാക്കുകളോട് വിശ്വാസം കാണിച്ചു. മോദിയെ പ്രധാനമന്ത്രി പദത്തില്‍ അവരോധിച്ചു. അടുത്ത ഊഴം മോദി നയിച്ച ബിജെപി സര്‍ക്കാരിന് വാഗ്ദാനങ്ങള്‍ പ്രാവര്‍ത്തികമാക്കി കാണിക്കാനുള്ള അവസരം ആയിരുന്നു. അധികാരത്തിന്റെ ആലസ്യത്തിലേക്ക് കൂപ്പുകുത്തി ജനങ്ങളെ മറക്കുന്ന, ഭരണം മറക്കുന്ന പതിറ്റാണ്ടുകളുടെ ദുര്‍ഭരണം കണ്ട ഭാരത ജനതയെ ഞെട്ടിച്ച് സത്യപ്രതിജ്ഞ ചെയ്തതിന്റെ അടുത്ത ദിവസം കള്ളപ്പണം തിരികെ പിടിക്കാനുള്ള സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ തെരെഞ്ഞെടുത്ത മോദി അവര്‍ക്ക് വേണ്ട കൃത്യമായ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കിയാണ് അഭിസംബോധന ചെയ്തത്. ആദ്യം പഠനം നടത്താനുള്ള ടീം, പിന്നെ അവലോകനം തുടങ്ങിയ സാധാരണ ചുവപ്പുനാട ശൈലി ആയിരുന്നില്ല മോദിയുടെ എന്ന് പിന്നീട് നാം കണ്ടു. എന്ത് ചെയ്യണം, എങ്ങനെ ചെയ്യണം എന്ന കിറുകൃത്യമായ നിര്‍ദേശം നാടിന്റെ നാഡീവ്യൂഹത്തെ തൊട്ടറിഞ്ഞ തീരുമാനങ്ങളെ ശരിവക്കുംവിധം നാടിന്റെ നാനാഭാഗത്തുനിന്നും, വിദേശത്തുനിന്നുപോലും കള്ളപ്പണത്തിന്റെ പെരുംഭണ്ഡാരങ്ങളില്‍ മോദിയുടെ സൈന്യം കൈവച്ചു.
വിദേശ രാജ്യങ്ങളില്‍നിന്ന് വിവിധ എന്‍ജിഒകളുടെ പേരില്‍ മതംമാറ്റത്തിനും ജിഹാദി പ്രവര്‍ത്തനത്തിനും മറ്റുമായി ഒഴുകിയിരുന്ന കോടികളുടെ വിദേശ നാണ്യത്തിനു മോദി തടയിട്ടു. ഏറ്റവും എളുപ്പമായിരുന്നു ആ തീരുമാനം. വിദേശപ്പണം കൈപ്പറ്റുന്ന എല്ലാ എന്‍ജിഒകളോടും മൂന്നു വര്‍ഷത്തെ കൃത്യമായ ഫണ്ടിന്റെ കണക്കു ഹാജരാക്കാന്‍ ആഭ്യന്തര മന്ത്രലയംവഴി നോട്ടീസ് അയച്ചു. കണക്കു കാണിച്ചവരെ എല്ലാം പട്ടികയില്‍ നിന്ന് ഒഴിവാക്കി. അനധികൃത പണം പറ്റുന്ന 10000 എന്‍ജിഒകളുടെ ലൈസന്‍സ് റദ്ദ് ചെയ്തു. പള്ളിയും പട്ടക്കാരും കന്യാസ്ത്രീകളും മൗലവിയും മുജാഹിദും ജിഹാദിയും ഒക്കെ അസഹിഷ്ണുതാ കാര്‍ഡ് ഇറക്കി മോദിക്കെതിരെ യുദ്ധംനയിച്ചെങ്കിലും മോദി കുലുങ്ങിയില്ല. നിയമത്തിന്റെ കെട്ടുപാടുകളില്‍ നിന്നുകൊണ്ട് കള്ളപ്പണത്തിന്റെ വിദേശ സ്രോതസ്സ് അടച്ചുപൂട്ടി സീല്‍ വച്ചു
ഒരുഘട്ടം പൂര്‍ത്തിയായി. അടുത്ത ഘട്ടം, കള്ളപ്പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാന്‍ പണത്തിന്റെ നീക്കം നിര്‍ദ്ദിഷ്ട അംഗീകൃത മാര്‍ഗ്ഗങ്ങളിലൂടെ ആക്കുക എന്നതായിരുന്നു. അതായത് പണം കറന്‍സിയായി സര്‍ക്കുലേറ്റ് ചെയ്യപ്പെടാതെ നേരിട്ട് ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിക്കുക എന്ന ഭഗീരഥ പ്രയത്നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: