തളിപ്പറമ്പ്: തളിപ്പറമ്പ് പയ്യന്നൂര്‍ ദേശീയ പാതയിലെ കുപ്പം പാലത്തില്‍ ലോറികള്‍ കുടുങ്ങിയത് മൂലം ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ഇന്നലെ വെളുപ്പിന് നാലുമണിയോടെയായിരുന്നു സംഭവം. മൊറോദാ ബാദില്‍ നിന്നും ശ്രീകണ്ഠപുരത്തുള്ള മില്‍മ പ്ലാന്റില്‍ പാല്‍ സൂക്ഷിക്കാനുള്ള കൂറ്റന്‍ ടാങ്കറുകളുമായി വരികയായിരുന്ന രണ്ട് ലോറികളാണ് കുപ്പം പാലത്തിന്റെ ആര്‍ച്ചില്‍ തട്ടി പാലത്തില്‍ കുടുങ്ങിയത്. ടാങ്കറിന്റെ കൊളുത്ത് പാലത്തില്‍ വിലങ്ങനെയുള്ള ആര്‍ച്ചില്‍ അമര്‍ന്നുപോവുകയായിരുന്നു. രണ്ട് ലോറികളും പാലത്തില്‍ കുടുങ്ങിയതോടെ ഇരുഭാഗത്തും വാഹന ഗതാഗതം സ്തംഭിച്ചു. തളിപ്പറമ്പ് പോലീസിന്റെയും അഗ്നിശമന സേനാ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ കുപ്പം ഖലാസികളെ വിളിച്ചുവരുത്തി ലോറികള്‍ മാറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ലോറികളുടെ ടയറുകളുടെ കാറ്റഴിച്ച് വിട്ട് കൊളു ത്തും പാലത്തിന്റെ ആര്‍ച്ചുമായുള്ള ബന്ധം വിച്ഛേദിച്ച് ക്രെയിന്‍ ഉപയോഗിച്ച് ടാങ്കറുകള്‍ വലിച്ച് നീക്കുകയായിരുന്നു. രാവിലെ 7 മണിയോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
















