മൂവാറ്റുപുഴ: പോലീസ് തയ്യാറാക്കുന്ന എഫ്ഐആറില്‍ കൃത്രിമം നടത്തുന്നുവെന്നാരോപിച്ച് വിജിലന്‍സ് കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ത്വരിതാന്വേഷണം നടത്തുവാന്‍ വിജിലന്‍സ് കോടതി ഉത്തരവായി. എറണാകുളം വിജിലന്‍സ് ആന്റ് ആന്റി കറപ്ക്ഷന് ബ്യൂറോ ഡിവൈഎസ്പി അന്വേഷിച്ച് ഡിസംബര്‍ 30-നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. തടിയിട്ട പറമ്പ് പോലീസ് സ്റ്റേഷനിലെ എസ്ഐ സുധീര്‍ മോഹന്‍, കോതമംഗലം പോലീസ്സ്റ്റേഷനിലെ എസ്ഐ എം.ഡി.ജോര്‍ജ്, സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍, ഓഫീസ് സ്റ്റാഫ് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. കോതമംഗലം പോലീസ്സ്റ്റേഷനില്‍ എഫ്ഐആറുകളില്‍ നടത്തുന്ന തിരുത്തലുകളും പ്രതികളെ രക്ഷിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി അമ്പഴച്ചാലില്‍ അഡ്വ.എല്‍ദോസ് ഏലിയാസാണ് ഹര്‍ജി നല്‍കിയത്. സ്റ്റേഷനിലെ പത്തോളം കേസുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്ഐആറുകള്‍ ഹര്‍ജിയോടൊപ്പം സമര്‍പ്പിച്ചിരുന്നു. ഇതില്‍ തിരുത്തുകളും മറ്റും വരുത്തിയിരിക്കുന്നത് വ്യക്തമാക്കിയിരുന്നു. ഏതെങ്കിലും വ്യക്തിയെയോ, പൊതുസമൂഹത്തേയോ കഷ്ടനഷ്ടങ്ങള്‍ ഉണ്ടാവുന്ന വിധത്തില്‍ കേസിനെ ദുര്‍ബലമാക്കുന്നതാണ് പോലീസ് നടപടികളെന്നും സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് ഇത്തരം നടപടികള്‍ക്ക് മുതിരുന്നതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: