ഭാരതത്തിന്റെ പാര്‍ലമെന്റുപോലെ അമേരിക്കയുടെ പരമാധികാരസഭ യുഎസ് കോണ്‍ഗ്രസ്സാണ്. സെനറ്റും പ്രതിനിധിസഭയും ചേര്‍ന്നതാണ് യുഎസ് കോണ്‍ഗ്രസ്സ്. (നമ്മുടെ രാജ്യസഭ, ലോക് സഭ എന്നതുപോലെ). 50 സംസ്ഥാനങ്ങളില്‍നിന്നു രണ്ട് വീതം എന്ന കണക്കില്‍ 100 സെനറ്റര്‍മാരാണുള്ളത്. സംസ്ഥാനത്തിലെ ജനസംഖ്യാനുപാതികമായ പ്രതിനിധി സഭാംഗങ്ങളും. ആകെ 435 പ്രതിനിധി സഭാംഗങ്ങളാണ് ഉള്ളത്. പ്രതിനിധി സഭ കാലാവധി രണ്ടു വര്‍ഷം. സെനറ്റിന്റേത് ആറു വര്‍ഷവും. സെനറ്റിലെ മൂന്നിലൊന്ന് അംഗങ്ങളെ രണ്ടു വര്‍ഷത്തിലൊരിക്കല്‍ തെരഞ്ഞെടുക്കും
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഎസ് കോണ്‍ഗ്രസ്സ് അംഗങ്ങള്‍ക്ക് സാധാരണക്കാരെപ്പോലെ വോട്ട് ചെയ്യാമെന്നല്ലാതെ പ്രത്യേക പ്രാധാന്യമൊന്നുമില്ല. കോണ്‍ഗ്രസിന്റെ അംഗസംഖ്യക്ക് തുല്യമായ ഇലക്ടറല്‍ വോട്ടുകളാണ് പ്രസിഡന്റ് ആരാണെന്ന് തീരുമാനിക്കുക. അതായത്, യുഎസ് കോണ്‍ഗ്രസ്സില്‍ ഇപ്പോള്‍ 535 അംഗങ്ങളാണുള്ളത്. തലസ്ഥാന നഗരമായ വാഷിങ്ടണ്‍ ഡിസിക്ക് സെനറ്റര്‍ക്കോ പ്രിതിനിധിയംഗത്തിനോ അവകാശമില്ല. പക്ഷേ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അവിടെനിന്ന് മൂന്ന് ഇലക്ടറല്‍ അംഗങ്ങളെ തെരഞ്ഞെടുക്കാനാകും. അങ്ങനെ ആകെ 538 അംഗങ്ങളായിരിക്കും പ്രസിഡന്റിനെ വോട്ടിട്ടെടുക്കുക. ഒരോ സംസ്ഥാനത്തിനുമുള്ള ഇലക്ട്രല്‍ അംഗങ്ങളെ മല്‍സര രംഗത്തുള്ള പാര്‍ട്ടികള്‍ നിശ്ചയിച്ചിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് ജനം നേരിട്ട് വോട്ട് ചെയ്യുന്ന പോപ്പുലര്‍ വോട്ട് സംസ്ഥാന അടിസ്ഥാനത്തില്‍ എണ്ണും.
ഓരോ സംസ്ഥാനത്തും കൂടുതല്‍ പോപ്പുലര്‍ വോട്ട് കിട്ടിയ സ്ഥാനാര്‍ത്ഥി ആ സംസ്ഥാനം പിടിച്ചെന്നാണ് കണക്കാക്കുക. അവിടെ നിന്നുള്ള മുഴുവന്‍ ഇലക്ടല്‍ വോട്ടുകളും ഭൂരിപക്ഷം നേടിയ സ്ഥാനാര്‍ത്ഥികള്‍ക്കുള്ളതാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടി നിശ്ചയിച്ച ആളുകളാകും ജനകീയ വോട്ടെടുപ്പിന് ഒരുമാസം കഴിഞ്ഞ് യഥാര്‍ത്ഥ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടിടുക.
















