2016 ജൂലൈ മാസത്തില്‍ തങ്ങളുടെ പാര്‍ട്ടി കണ്‍വെന്‍ഷനില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതൃത്വം ഡൊണാള്‍ഡ് ട്രംപ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാണെന്ന് പ്രഖ്യാപിച്ച നിമിഷം തന്നെ അമേരിക്കക്കാര്‍ അദ്ദേഹത്തിന് അനുകൂലമായി വിധി എഴുതിക്കഴിഞ്ഞു. 2017 ല്‍ ട്രംപായിരിക്കും അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് സത്യപ്രതിജ്ഞ ചെയ്യുക എന്ന കാര്യത്തില്‍ അമേരിക്കക്കാര്‍ക്ക് സംശയം ഉണ്ടായിരുന്നില്ല. ഈ തെരഞ്ഞെടുപ്പില്‍ ജയിച്ചത് അമേരിക്കയും തോറ്റത് മുഖ്യധാരാ മാധ്യമങ്ങളുമാണ്. പ്രത്യേകിച്ചും ഭാരതത്തിലെ മുഖ്യധാരാ മാധ്യമങ്ങളെന്ന് സ്വയം കരുതുന്ന വിഭാഗവും.
ഏതൊരു ജനാധിപത്യ സംവിധാനത്തിലും ഭരണാധികാരികളെ തെരഞ്ഞെടുക്കുന്നത് ജനമാണെന്ന് ഭാരതത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ മറന്നു. അമേരിക്ക ഇന്നൊരു വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അവിടത്തെ സാമൂഹിക-സാംസ്കാരിക മേഖലകള്‍ അനുനിമിഷം തകരുകയാണെന്നും ശരാശരി അമേരിക്കന്‍ പൗരന് മനസ്സിലാക്കിയിരുന്നു. അതാണ് ട്രംപിന്റെ വിജയത്തിന്റെ പ്രധാന കാരണം.
അമേരിക്കയും ലോകവും ഇന്ന് നേരിടുന്ന പ്രധാന ഭീഷണിയാണ് ഇസ്ലാമിക ഭീകരവാദം. അഗ്നിയെ അഗ്നികൊണ്ട് മാത്രമേ നേരിടാനാകൂ എന്ന് ട്രംപും അദ്ദേഹത്തെ പിന്തുണക്കുന്നവരും മനസ്സിലാക്കി. ”ഒരു രാജ്യത്തിന്റെ അതിര്‍ത്തികള്‍ ഇല്ലാതാകുന്നതോടെ, ആ രാജ്യം രാജ്യമല്ലാതാകും”- ഇതായിരുന്നു ട്രംപ് അമേരിക്കക്കാരോടു പറഞ്ഞത്. രാജ്യസ്നേഹത്തെയും ദേശീയ ബോധത്തെയും പുച്ഛിച്ചുമാത്രം ശീലമുള്ള ലിബറലുകള്‍ക്ക് ഇത് വലതുപക്ഷ തീവ്രവാദമായി തോന്നിയേക്കും.
2016 ലെ അമേരിക്കന്‍ പ്രസിഡന്റു തെരഞ്ഞെടുപ്പ് നമുക്ക് നല്കുന്ന പ്രധാന സന്ദേശം- ”മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് യാഥാര്‍ത്ഥ്യങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടിരിക്കുന്നു” എന്നാണ്. ജനങ്ങളുടെ ഹൃദയ സ്പന്ദനം മനസ്സിലാക്കുന്നതില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ അമ്പേ പരാജയപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രത്തോട് നടത്തിയ പ്രക്ഷേപണത്തില്‍ പറഞ്ഞു: ”ഇന്ന് അര്‍ധരാത്രി മുതല്‍ നിലവിലുള്ള 500 രൂപയുടെയും 1000 രൂപയുടെയും കറന്‍സി നോട്ടുകളുടെ വില ഇല്ലാതാകും. പ്രസ്തുത നോട്ടുകളുടെ സ്റ്റോക്ക് കൈവശമുള്ളവര്‍ അടുത്ത 50 ദിവസങ്ങള്‍ക്കുള്ളില്‍ തൊട്ടടുത്ത ബാങ്കുകളോ, തപാല്‍ ആപ്പീസുകളുമായോ ബന്ധപ്പെട്ട് മാറ്റി മേടിക്കുക.” ആ കറന്‍സി നോട്ടുകളുടെ മൂല്യം പോലും ഇല്ല ഭാരതത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക്. ഇങ്ങനെ പറയുന്നതിന് കാരണമുണ്ട്. രോഗികളെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ ഹൃദയമിടിപ്പും നാഡീസ്പന്ദനവും തെറ്റായി വ്യാഖ്യാനിക്കുന്നതോടെ, തകരുന്നത് ഡോക്ടര്‍മാരുടെ വിശ്വസനീയതയാണ്. പ്രസ്തുത ഡോക്ടര്‍മാരെ അനുസ്മരിപ്പിക്കുന്നു നമ്മുടെ മാധ്യമ വ്യാഘ്രങ്ങള്‍! മുഖ്യധാരാ മാധ്യമങ്ങളെ അടിയന്തര ചികിത്സ ലഭ്യമായ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ച് വെന്റിലേറ്ററിലാക്കണം. അണുബാധ ഏറ്റ കരളുകളില്നിന്ന് അവയെ രക്ഷിക്കാന്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കണം. ഒരു കാര്യം ഊന്നിപ്പറയട്ടെ! അമേരിക്ക ഒരു വലതുപക്ഷ റിപ്പബ്ലിക്കന്‍ രാജ്യം തന്നെയാണ്. സംശയമില്ല.
ലോകവാണിജ്യ കേന്ദ്രത്തിനുനേരെ നടന്ന ഭീകരാക്രമണത്തില്‍നിന്ന് അമേരിക്കന്‍ പൗരന്മാര് ഇന്നും മോചിതരായിട്ടില്ല. കൊളോണിയല്‍ ഭരണത്തിന് കീഴില്‍നിന്ന് പോരാടി സ്വാതന്ത്ര്യം നേടിയ ചരിത്രമാണ് അമേരിക്കയുടേത്. ശരാശരി അമേരിക്കന്‍ പൗരന് തോക്കിനോടുള്ള ആഭിമുഖ്യം, ആ തോക്കിനോടുള്ള ആദരവില്‍ പ്രതിഫലിക്കുന്നു. പ്രമുഖ അമേരിക്കന്‍ ചരിത്രകാരനായിരുന്ന വില്‍ ഡുറന്റ് തന്നെയാണ് സംസ്കാരത്തിന്റെ കഥയും രചിച്ചത്. ഭാരതത്തിലെ പട്ടിണിയെക്കുറിച്ചും, ബ്രിട്ടീഷ് കൊളോണിയല്‍ ഭരണം എങ്ങനെ ഭാരതീയരെ ദരിദ്രവാസികളാക്കി എന്നതിനെക്കുറിച്ചും ഈ അമേരിക്കന്‍ ചരിത്രകാരന് വിശദമായി എഴുതിയിട്ടുണ്ട്. ഇതൊക്കെയാണ് ശരാശരി അമേരിക്കന്‍ പൗരനെ പ്രചോദിപ്പിക്കുന്നത്. അമേരിക്കന്‍ ചരിത്രത്തെ വെട്ടിമുറിക്കാനും വളച്ചൊടിക്കാനും ത്രാണിയുള്ള ഇടതുപക്ഷം ശക്തിപ്രാപിച്ചിട്ടില്ല.
അമേരിക്കന്‍ ജനത വോട്ടുചെയ്തത് ട്രംപിനല്ല! അമേരിക്കന്‍ പരമാധികാരത്തിനും ആത്മാഭിമാനത്തിനുമാണ്. ട്രംപ് ഒരു നിമിത്തം മാത്രം. ആനുകാലിക ചരിത്രം പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. ശക്തനായ, നട്ടെല്ലിന് ബലമുള്ള വ്യക്തിയാണ് അമേരിക്കന്‍ ജനതയുടെ ഇഷ്ട കഥാപാത്രം. ട്രംപ്, ബുഷ്, റീഗന്, റിച്ചാര്‍ഡ് നിക്സണ്, ഐസന്‍ ഹോവര്‍…. അങ്ങനെയുള്ളവരുടെ നിര നീളുന്നു. സുശക്തനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കഴിയാത്ത അവസരങ്ങളില്‍ മാത്രമാണ് ഡെമോക്രാറ്റുകള്‍ക്ക് ജയിക്കാന്‍ കഴിഞ്ഞിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: