കോയമ്പത്തൂര്‍: ദേശീയ ജൂനിയര്‍ മീറ്റില്‍ മത്സരിക്കാന്‍ എത്തിയ കേരള താരങ്ങളോടുള്ള സര്‍ക്കാരിന്റെ അവഗണന തുടര്‍ക്കഥ. കടംവാങ്ങിയ പണവുമായാണ് അത്ലറ്റിക് അസോസിയേഷന് താരങ്ങളെ മീറ്റിനായി എത്തിച്ചത്.
179 കായികതാരങ്ങളുള്‍പ്പെടെ 200ഓളം വരുന്ന സംഘത്തിന് ഒരു ദിവസത്തെ ഭക്ഷണത്തിനു മാത്രം വേണ്ടത് 80,000 രൂപ. ആകെ 12 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇതില്‍ ആറ് ലക്ഷംമീറ്റിനുശേഷം സ്പോര്‍ട്സ് കൗണ്‍സില്‍ തിരിച്ചുനല്‍കും. മേള കഴിഞ്ഞ് മടങ്ങിയെത്തുമ്പോള്‍ തുക ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അസോസിയേഷന്. എന്നാല്‍, പണം മുന്‍കൂറായി ലഭിച്ചിരുന്നെങ്കില്‍ സഹായകമായേനേയെന്ന് ഒരു ഭാരവാഹി പറഞ്ഞു.
പാലക്കാട്ടെ പരിശീലനത്തിനും താമസത്തിനുമായി ഒരു താരത്തിന് 500 രൂപയാണ് സ്പോര്‍ട്സ് കൗണ്‍സില്‍ അനുവദിച്ചത്. മത്സരത്തില്‍ പങ്കെടുക്കുന്ന ദിനങ്ങളില്‍ 400 രൂപ ഭക്ഷണ ചെലവു നല്‍കുമെന്നും വാഗ്ദാനം. പെണ്‍കുട്ടികള്‍ക്ക് സ്റ്റേഡിയത്തിന് സമീപമുള്ള പോലീസ് ക്വാര്‍ട്ടേഴ്സിലും ആണ്‍കുട്ടികള്‍ക്ക് 14 കിലോമീറ്റര്‍ അകലെയുള്ള കല്യാണ മണ്ഡപത്തിലുമാണ് സംഘാടകര്‍ താമസസൗകര്യം ഒരുക്കിയത്. ബുദ്ധിമുട്ട് കണക്കിലെടുത്ത് ആണ്‍കുട്ടികളെ സ്റ്റേഡിയത്തിന് സമീപം ഹോട്ടലുകളില്‍ ഒരു ബെഡിന് 250 രൂപ വീതം വാടക നല്‍കിയാണ് താമസിപ്പിച്ചു.
പെണ്‍കുട്ടികള്‍ക്ക് 50 രൂപ വീതം ദിവസ വാടക നല്കി കിടക്കകള്‍ വാടകയ്ക്കെടുത്തു. കേരളത്തിന്റെ കൗമാരതാരങ്ങളോടുള്ള സര്‍ക്കാരിന്റെയും സ്പോര്‍ട്സ് കൗണ്‍സിലിന്റെയും അവഗണന ഇനിെയങ്കിലും അവസാനിപ്പിക്കണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: