കൊല്ലം: രോഗമില്ലാത്ത രോഗിയെ മൂന്നുദിവസം കിടത്തിചികിത്സിച്ച ശേഷം സ്വകാര്യാശുപത്രി തട്ടിയെടുത്തത് 9718 രൂപ. ബീച്ച് റോഡിലെ ബെന്‍സിഗര്‍ ആശുപത്രിയിലാണ് സംഭവം. പീപ്പിള്‍സ് വെല്‍ഫെയര്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി പെരിയവീട്ടില്‍ ഷംസുദീനാണ് ആശുപത്രിയുടെ ഇര. ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ഉണ്ടായിട്ടും അതനുവദിക്കാതെ ആശുപത്രി ബില്‍ പണമായി വാങ്ങുകയായിരുന്നു. ഷുഗറിന്റെ ടെസ്റ്റിങിന് ആശുപത്രിയിലെത്തിയ ഷംസുദീനെ ഗുരുതരരോഗത്തിനുള്ള ടെസ്റ്റുകള്‍ എല്ലാം എടുപ്പിക്കുകയും മൂന്നുദിവസം കിടത്തുകയും ചെയ്തു. ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ തുകയുടെ റീഇംബേഴ്സ്മെന്റിനായി സമീപിച്ചപ്പോള്‍ ഡിസ്ചാര്‍ജ് ഷീറ്റില്‍ അസുഖമൊന്നും രേഖപ്പെടുത്താത്തതിനാല്‍ തുക നല്‍കില്ലെന്നായിരുന്നു മറുപടി. കേരളത്തിലെ സ്വകാര്യാശുപത്രികളില്‍ നടക്കുന്ന കൊള്ളയ്ക്ക് ഉദാഹരണമാണ് ഈ സംഭവമെന്ന് അസോസിയേഷന് ഭാരവാഹികളായ എം.കെ.സലിം, നൗഷാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെന്ന പോലെ കേരളത്തിലും ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ബില്‍ നടപ്പാക്കണമെന്നും അതിലൂടെ മാത്രമെ സ്വകാര്യ ആശുപത്രികളുടെ കൊള്ളക്ക് പരിഹാരമാകുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: