നിലമ്പൂര്‍: നിലമ്പൂര്‍ ഇന്ത്യന്‍ ബാങ്കിന്റെ അക്കൗണ്ടിലുണ്ടായിരുന്ന കോയമ്പത്തൂര്‍ സ്വദേശികളുടെ ഏഴരലക്ഷത്തോളം രൂപ എടിഎം വഴി തട്ടിപ്പ് നടത്തിയ കേസില്‍ ഝാര്‍ഖണ്ഡില്‍ പിടിയിലായ രണ്ടു പ്രതികളെ നിലമ്പൂരിലെത്തിച്ചു. ഝാര്‍ഖണ്ഡ് ധന്‍ബാദ് ബൗറയിലുള്ള പഞ്ചം പാശ്വാന്‍(28), ഝാര്‍ഖണ്ഡ് ധന്‍ബാദിലെ ബൗറയിലെ ഭോലു റവാനി(24) എന്നിവരെയാണ് കഴിഞ്ഞ ദിവസം ഝാര്‍ഖണ്ഡില്‍ വെച്ച് കേരള പോലീസ് അറസ്റ്റു ചെയ്തിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
കഴിഞ്ഞ 19 മുതല്‍ 22 വരെ തീയ്യതികളിലായി സംസ്ഥാനത്തിന് പുറത്തുള്ള എ.ടി.എമ്മില്‍ നിന്നാണ് കോയമ്പത്തൂര്‍ സ്വദേശി രഘുപതിയുടേയും ഭാര്യ ഗീതാകുമാരിയുടേയും പേരിലുണ്ടായിരുന്ന അക്കൗണ്ടില്‍ നിന്ന് പണം തട്ടിയത്. ബാങ്ക് അധികൃതരാണെന്ന വ്യാജേന ഫോണില്‍ വിളിച്ച് ഒ.ടി.പി. നമ്പര്‍ ചോദിച്ചറിഞ്ഞായിരുന്നു തട്ടിപ്പ്. പഞ്ചം പാശ്വാന്‍, ഭോലു റവാനി എന്നിവര്‍ക്ക് പുറമെ മൂന്ന് പേര്കൂടഷി കേസിലുള്പ്പെട്ടതായാണ് പോലീസിന്റെ വിവരം. റവാനിയുടെ സഹോദരന് വിജയ് റവാനിക്ക് തട്ടിപ്പില്‍ വലിയ പങ്കുള്ളതായാണ് പോലീസിന്റെ നിഗമനം. എന്നാല്‍ ഇയാളെ പിടികൂടാനായിട്ടില്ല. കഴിഞ്ഞ മാസം 29-നാണ് കേരളത്തില്‍ നിന്നുള്ള ഒരു എസ്ഐ, ഒരു എഎസ്ഐ മൂന്ന് പോലീസ് ഓഫീസര്‍മാര്‍ എന്നിവരടങ്ങിയ സംഘം ഝാര്‍ഖണ്ഡിലേക്ക് പൊയത്. ഝാര്‍ഖണ്ഡ് എസ്.പി.മനോജ് രത്തന്‍ പാഥെയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ നവംബര്‍ രണ്ടിന് രാത്രി പ്രതികളെ പിടികൂടാന്‍ കഴിഞ്ഞു. തുടര്‍ന്ന് മൂന്നിന് ധന്‍ബാദ് സി.ജെ.എം. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ നാലിന് കസ്റ്റഡിയില്‍ വാങ്ങുകയായിരിുന്നു.
തുടര്‍ന്ന് ട്രാന്‍സിറ്റ് വാറന്റ് വാങ്ങി ആലപ്പി -ധന്‍ബാദ് എക്സ്പ്രസ്സില്‍ കേരളത്തിലേക്ക് തിരിക്കുകയായിരുന്നു. നിലമ്പൂര്‍ കോടതിയിലേക്കുള്ള യാത്രക്കായി കേരളത്തില്‍ നിന്നുള്ള അന്വേഷണ സംഘത്തിന് 100 മണിക്കൂര്‍ സമയമാണ് അനുവദിച്ചിരുന്നത്.
ബാങ്ക് തട്ടിപ്പുകള്‍ ജില്ലയില്‍ നിരവധി തവണ നടന്നിട്ടുണ്ടെങ്കിലും ഝാര്‍ഖണ്ഡില്‍ പോയി മലപ്പുറം പോലീസ് പ്രതികളെ പിടികൂടുന്നത് ആദ്യമായാണ്. പിടിയിലായ പഞ്ചം പാശ്വാന്‍ ഭോലു റവാനിയുടെ കാര്‍ ഡ്രൈവറാണ്. പഞ്ചം പാശ്വാന്റെ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉപയോഗിച്ച് വിവിധ ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങിയതും വിജയ് റവാനിയും ഭോലു റവാനിയുമാണ്. ഈ അക്കൗണ്ടുകളിലേക്കാണ് തട്ടിയെടുക്കുന്ന പണം ശേഖരിച്ചിരുന്നത്. എന്നാല്‍ ആ പണം അപ്പപ്പോള്‍ തന്നെ അക്കൗണ്ടുകളില്‍ നിന്ന് മാറ്റാനും ഇവര്‍ ശ്രദ്ധിച്ചു.
മലപ്പുറം എസ്പിയുടെ നിര്‍ദ്ദേശപ്രകാരം ഡി.വൈ.എസ്.പി. മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സൈബര്‍ സെല്ലിന്റെ സഹായത്തിലാണ് ഝാര്‍ഖണ്ഡില്‍ അന്വേഷണം നടത്തിയത്. സ്പെഷല്‍ സ്ക്വാഡ് അംഗങ്ങളായ അഡീഷണല്‍ എസ്.ഐ. പി.കെ.അജിത്, എ.എസ്.ഐ. എം.അസ്സൈനാര്‍, എസ്.സി.പി.ഒ. പി.മോഹനദാസന്‍, സി.പി.ഒ.മാരായ ഇ.ജി.പ്രദീപ്, രതീഷ് ആനപ്പാന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: