കണ്ണൂര്‍: അണികളുടേയും ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടേയും കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഇന്നലെ കണ്ണൂരില്‍ നടന്ന എംവിആര്‍ അനുസ്മരണ പരിപാടിയില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന് വിട്ടുനിന്നു. പിണറായി പങ്കെടുക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ രൂപം കൊണ്ട അഭിപ്രായഭിന്നതയും വിട്ടു നില്ക്കാന് കാരണമായതായി സൂചനയുണ്ട്. കണ്ണൂരില്‍ ഇന്നലെ സിഎംപി അരവിന്ദാക്ഷന് വിഭാഗം സംഘടിപ്പിച്ച എം.വി.രാഘവന്റെ രണ്ടാം ചരമവാര്‍ഷിക ദിനാചരണ പരിപാടിയില്‍ നിന്നാണ് പിണറായി വിട്ടുനിന്നത്. അനുസ്മരണ പരിപാടിയുടെ ഉദ്ഘാടകനായിരുന്നു പിണറായി വിജയന്. അതേസമയം അനുസ്മരണ പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാര്‍ തിരുവനന്തപുരത്തു നിന്നും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പിണറായി ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രസംഗിച്ച പിണറായ എം.വി.രാഘവനെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ലെന്നത് പരിപാടിയില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ചകള്‍ക്ക് വഴി തുറക്കുകയും ചെയ്തു. പ്രസംഗത്തിലുടനീളം ആര്‍എസ്എസ്, ബിജെപി സംഘടനകളെ കുറ്റപ്പെടുത്താനാണ് പിണറായി ശ്രമിച്ചത്.
എം.വി.രാഘവന്റെ ജീവിതാവസാനംവരൈ സിപിഎം വേട്ടയാടിയ രാഘവന്റെ ചരമവാര്‍ഷിക പരിപാടി മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം ചെയ്യുന്ന കാര്യം അച്ചടിച്ചുകൊണ്ട് പോസ്റ്ററുകളും ഫഌക്സ് ബോര്‍ഡുകളും നാടുനീളെ സ്ഥാപിച്ചിരുന്നു. കൂത്തുപറമ്പില്‍ ഡിവൈഎഫ്ഐക്കാരായ 5 പ്രവര്‍ത്തകര്‍ മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദിയെന്നും കൊലയാളിയും വര്ഗ്ഗവഞ്ചകനുമെന്നും വിശേഷിപ്പിക്കുകയും ജീവിതാന്ത്യംവരെ രാഘവനെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത സിപിഎമ്മിന്റെ പ്രധാന നേതാവും മുഖ്യമന്ത്രിയുമായ പിണറായി പരിപാടിയില്‍ പങ്കെടുക്കുന്നതിനെതിരെ പാര്‍ട്ടി അണികള്‍ക്കിടയിലും ഡിവൈഎഫ്ഐ ഉള്‍പ്പെടെയുളള പോഷക സംഘടനകളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഡിവൈഎഫ്ഐ നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പാണ് പിണറായി വിജയന്റെ പിന്മാറ്റത്തിന് പിന്നിലെന്നാണ് സൂചന. ബദല്‍ രേഖയുടെ പേരില്‍ സിപിഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ട രാഘവനെ സിഎംപിയെന്ന പുതിയ പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫിനോടൊപ്പം കൂടിയ ഘട്ടംതൊട്ട് മരണവരെ സിപിഎം നേതൃത്വവും അണികളും പലതരത്തില്‍ ഉപദ്രവിച്ചിരുന്നു.
മുഖ്യശത്രുവും വര്‍ഗ്ഗശത്രുവുമായി മുദ്രകുത്തപ്പെട്ട എംവിആര്‍ മരണപ്പെട്ടതോടെ പാര്‍ട്ടിക്കു സ്വീകാര്യനായി മാറുകയായിരുന്നു. കഴിഞ്ഞതവണ ഒന്നാം വാര്‍ഷിക ദിനാചരണ ചടങ്ങില്‍ മുഖ്യാതിഥിയായി പിണറായി പങ്കെടുക്കുമെന്നറിയിച്ചിരുന്നുവെങ്കിലും അവസാന നിമിഷം പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. എം.വി.രാഘവന് അവസാനകാലത്ത് ഇടതുചേരിയില്‍ തിരിച്ചെത്തിയിരുന്നെന്നുമാണ് മരണാനന്തരം സിപിഎം പ്രചരിപ്പിച്ചത്.
ഇന്നലെ അരവിന്ദാക്ഷന് വിഭാഗം സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ പിണറായി പങ്കെടുത്തില്ലെങ്കിലും സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന് പങ്കെടുത്തു. കൂത്തുപറമ്പ് രക്തസാക്ഷികളേയും രാഘവനെതിരെ പാര്‍ട്ടി നടത്തിയ പോരാട്ടങ്ങളും മറന്ന് ജില്ലാ സെക്രട്ടറി എംവിആര്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. നാലു വോട്ടിനുവേണ്ടിയും സിഎംപിയുടെ സ്ഥാവര ജംഗമ വസ്തുക്കളിലും സഹകരണ സ്ഥാപനങ്ങളിലും കണ്ണുംനട്ടു കൊണ്ടുളള സിപിഎം നേതൃത്വത്തിന്റെ നിലപാടിനെതിരെ പാര്‍ട്ടി അണികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
പാര്‍ട്ടി ജില്ലാ സെക്രട്ടറിയുള്‍പ്പെടെ രാഘവന് അനുസ്മരണ പരിപാടിയില്‍ സംബന്ധിക്കവെ കൂത്തുപറമ്പ് രക്തസാക്ഷികളില്‍ ഒരാളുടെ പിതാവിന്റേതായി ഫെയ്സ് ബുക്ക് പോസ്റ്റും ഇന്നലെ പ്രത്യക്ഷപ്പെട്ടു. ‘നിങ്ങളുടെ ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതിയും താന്‍ പ്രമാണിത്വവും, അഹങ്കാരവും കാരണം നിങ്ങളാല്‍ മാത്രം എന്റെ മകനടക്കമുള്ള 5 പേരുടെ ജീവന് നഷ്ടപ്പെടേണ്ടിവന്നു. സ: പുഷ്പന് ഇന്നത്തെ നിലയിലായി. നൂറ് കണക്കിന്ന് ചെറുപ്പക്കാര്‍ നിത്യരോഗികളായി മാറി. നിങ്ങളുടെ നേതൃത്വത്തില്‍ കൂത്തുപറമ്പില്‍ നടത്തിയ കൊടുംക്രൂരത മറക്കാനോ പൊറുക്കാനോ കഴിയാത്തതാണ്. ഞങ്ങളുടെ ജീവനുള്ള കാലം വരെ നിങ്ങളെ കൊലയാളി എന്ന് വിളിച്ചു കൊണ്ടേയിരിക്കും പുതിയ തലമുറയുടെ മുന്നില്‍ നിങ്ങളെന്ന കൊലയാളിയുടെ വികൃതമുഖം ഞങ്ങള്‍ വരച്ചുകാണിച്ചുകൊണ്ടേയിരിക്കും’ എന്നാണ് പോസ്റ്റിട്ടത്.
സി.പി.ജോണ്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇന്ന് കണ്ണൂരില്‍ എംവിആര്‍ അനുസ്മരണ പരിപാടികള്‍ നടക്കും. മുന്‍ മഹാരാഷ്ട്ര ഗവര്‍ണ്ണറും കോണ്‍ഗ്രസ് നേതാവുമായ ശങ്കര നാരായണന് പരിപാടി ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: