കോട്ടയം: ടോറസ് ലോറികളുടെ മരണപ്പാച്ചില്‍ അപകടഭീതി ഉയര്‍ത്തുന്നു. കുറുപ്പുംതറ, മാന്‍വെട്ടം, കല്ലറവഴി ആലപ്പുഴ-ചേര്‍ത്തല ഭാഗത്തേക്കുള്ള വാഹനങ്ങളുടെ മരണപാച്ചിലാണ് ജനങ്ങളെ ഭീതിയിലാക്കിയിട്ടുള്ളത്. ഇതുവരെ ഇവിടെ പൊലിഞ്ഞത് 4 ജീവനുകളാണ്. അപകടത്തില്‍പെട്ട് ഇരുപത്തഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ പെട്ടവരിലേറെയും ഇരുചക്രവാഹന യാത്രികരും കാല്‍നടക്കാരും.
അനധികൃത മണ്ണ് മാഫിയയുടെ നീരാളിപ്പിടുത്തത്തില്‍ പിടയുകയാണ് പ്രദേശവാസികള്‍. കടുത്തുരുത്തി, മുട്ടുചിറ, മാഞ്ഞൂര്‍, കല്ലറ തുടങ്ങിയ പ്രദേശങ്ങൡ അനധികൃത മണ്ണെടുപ്പും, തണ്ണീര്‍ത്തടം നികത്തലും വ്യാപകമാണ്. തൊടുപുഴ-വൈക്കം റോഡിന്റെയും അവസ്ഥ ഇതുതന്നെയാണ്. ടോറസ് വണ്ടികളുടെ വേഗപ്പൂട്ട് പരിശോധിക്കേണ്ട മോട്ടോര്‍ വാഹനവകുപ്പും പോലീസും അവര്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. ഈ പ്രദേശങ്ങളിലെ ഗ്രാമീണറോഡുകളെല്ലാം ഇതുമൂലം തകര്‍ന്ന സ്ഥിതിയിലാണ്. മെഷീനുകള്‍ ഉപയോഗിച്ച് മണ്ണെടുക്കുന്നതുമൂലം ടോറസില്‍ മണ്ണ് നിറയ്‌ക്കുന്നതിന് വളരെ കുറച്ച് സമയം മാത്രംമതി.
ഞീഴൂര്‍, പെരുവ, വടയാര്‍, കീഴൂര്‍, ആപ്പാഞ്ചിറ, ആയാംകുടി, മുളക്കുളം, കുറവിലങ്ങാട് തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുമാണ് മണ്ണ് കടത്തുന്നത്. വ്യാപകമായ തണ്ണീര്‍ത്തടം നികത്തലും ഇവിടെ നിര്‍ബാധം നടക്കുന്നുണ്ട്. സര്‍ക്കാര്‍ കരാര്‍ ജോലികളുടെ പേരിലാണ് വ്യാപകമായ മണ്ണ് കടത്ത് നടക്കുന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് മണ്ണെടുപ്പ്.
ടോറസ് ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകുന്നതും റോഡിന്റെ വീതി കുറവും അപകടത്തിന്റെ ആക്കം കൂട്ടുന്നു. ഈ വാഹനങ്ങളില്‍ വേഗപ്പൂട്ട് ഉള്‍പ്പെടെയുള്ള യാതൊരു നിയമനടപടികളും സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ ഉന്നത രാഷ്‌ട്രീയ-പോലീസ് ബന്ധം ഉപയോഗിച്ച് കേസ്സുകള്‍ ഒതുക്കിത്തീര്‍ക്കുന്നത് മണ്ണ് മാഫിയയ്‌ക്ക് ബലമാകുന്നു.
എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ടും മനുഷ്യജീവന് യാതൊരു വിലയും കല്‍പ്പിക്കാതെ നടത്തുന്ന ഇത്തരം പൈശാചിക നടപടികള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജല ഉപഭോക്തൃ തണ്ണീര്‍ത്തട സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് എബി ഐപ്പ് അറിയിച്ചു.
















