ഭോപ്പാല്‍: പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 8 സിമി ഭീകരര്‍ക്ക് ജയില്‍ചാടാന്‍, ജയിലിനുള്ളില്‍ നിന്ന് സഹായം കിട്ടി. അനേഷണ ഉദ്യോഗസ്ഥര്‍ക്കു കിട്ടിയ തെളിവുകള്‍ അനുസരിച്ച് അകത്തുനിന്ന് കാര്യമായ സഹായം നേടിയാണ് ഇവര്‍ രക്ഷപ്പെട്ടത്.
എട്ടു സിമി ഭീകരര്‍ വാര്‍ഡനെ കഴുത്തുമുറിച്ച് കൊലപ്പെടുത്തി രക്ഷപ്പെടുകയും 12 കിലോ മീറ്റര്‍ അകലെ പോലീസുമായി ഏറ്റുമുട്ടി കൊല്ലപ്പെടുകയുമായിരുന്നു.
ജയില്‍ ഭേദനം അകത്തുനിന്നുള്ളവരുടെ സഹായത്തോടെയായിരിക്കാം, അവര്‍ക്ക് പുറത്തുള്ളവര്‍ ധന സഹായംനല്‍കിയിരിക്കാമെന്നായിരുന്നു സംസ്ഥാന ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിങ് ഒരു മാധ്യമത്തോടു പ്രതികരിച്ചത്.
മൂന്നു മാസമെങ്കിലും ആസൂത്രണം നടത്തിയ ശേഷമായിരിക്കണം പദ്ധതി നടപ്പാക്കിയത്. വ്യാജ താക്കോല്‍, കത്തി എന്നിവ ജയിലില്‍നിന്നു കണ്ടെത്തി. ബി ബ്ലോക്കിലെ സിസി ടിവികള്‍ പ്രവര്‍ത്തിച്ചിരുന്നുമില്ല.
”അമ്പതോളം കാമറകള്‍ ജയിലിലുണ്ട്. ബി ബ്ലോക്കിലെ മൂന്നെണ്ണമൊഴികെ എല്ലാം പ്രവര്‍ത്തിച്ചിരുന്നു,” അന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞു. കാമറകള്‍ ദീര്‍ഘനാളായി ഓഫായിരുന്നു. ”മൂന്നില്‍ ഒരെണ്ണം പുതിയതാണ്. 20 ലക്ഷം മുടക്കി മറ്റു ജലിയുകളിലും കാമറ വെക്കുന്ന പദ്ധതി നടപ്പാക്കാന്‍ പോകുകയായിരുന്നു. ബി ബ്ലോക്കില്‍ യുഎപിഎ പ്രകാരം തടവിലായ ഭീകരര്‍ ഉള്ളതുകൊണ്ട് ഇവിടെ കാമറ നിര്‍ബന്ധമാക്കിയിരുന്നു. അതാണ് ഏറെ നാളായി പ്രവര്‍ത്തിക്കാഞ്ഞത്,” ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.
ടൂത്ത് ബ്രഷുകൊണ്ട് വ്യാജ താക്കോല്‍ നിര്‍മ്മിച്ചുവെന്നാണ് കരുതുന്നത്. പ്ലാസ്റ്റിക് ചൂടാക്കി താഴിനുള്ളില്‍ കടത്തി രൂപപ്പെടുത്തിയതായിരിക്കാമെന്ന് പറയുന്നെങ്കിലും സഹായം ലഭിക്കാതെ ഇതു ചെയ്യാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ കരുതുന്നു.
സംഭവം നടന്നയുടന്‍ ജയിലിലെത്തിയ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഓടയ്‌ക്കരികില്‍ കത്തി കണ്ടെത്തിയതായി അന്വേഷണോദ്യോഗസ്ഥരോടു പറഞ്ഞിട്ടുണ്ട്. ആഹാരം കഴിക്കുന്ന പാത്രം കൊണ്ട് മുര്‍ച്ചയേറിയ ആയുധമുണ്ടാക്കിയിരുന്നു. ഓടയ്‌ക്കരികില്‍ കണ്ട കത്തി നീളമുള്ളതും ഉപയോഗ ക്ഷമവുമായിരുന്നു.
വിരിപ്പും പുതപ്പുംകൊണ്ട് ഉണ്ടാക്കിയ ‘വടം’ വഴിയാണ് മതില്‍ ചാടിയത്. ”50മീറ്റര്‍ നീളമുണ്ടായിരുന്നു ഇതിന്. ഇത്രയും നീളത്തില്‍ പുതപ്പു ചേര്‍ത്ത് വടമുണ്ടാക്കാന്‍ അവര്‍ക്ക് അധികം പുതപ്പുകള്‍ കിട്ടാന്‍ സൗകര്യം ഉണ്ടാക്കി. ഇതും ഉള്ളില്‍നിന്നു കിട്ടിയ സഹായമാണ്,” ഉദ്യോഗസ്ഥര്‍ പറയുന്നു.
















