തിരുവനന്തപുരം: ദല്‍ഹിക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് ബി മത്സരത്തില്‍ ഝാര്‍ഖണ്ഡിന് മികച്ച സ്‌കോര്‍. ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 359 റണ്‍സെടുത്തു അവര്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷന്റെ (162 നോട്ടൗട്ട്) ഒറ്റയാള്‍ പോരാട്ടമാണ് അവരെ താങ്ങിയത്. തുമ്പയിലെ സെന്റ് സേവ്യേഴ്‌സ് കോളേജ് മൈതാനത്ത് മത്സരം.
ടോസ് നഷ്ടപ്പെട്ടിട്ടും ബാറ്റ് ചെയ്യാന്‍ ലഭിച്ച അവസരം ഇഷാനിലൂടെ മുതലെടുത്തു ഝാര്‍ഖണ്ഡ്. 213 പന്തില്‍ 14 ഫോറും ആറു സിക്‌സറും നേടി ഇഷാന്‍. ഇഷാങ്ക് ജഗ്ഗി (55), പ്രത്യുഷ് സിങ് (45), കൗശല്‍ സിങ് (39) എന്നിവരും പിന്തുണ നല്‍കി. ഷഹബാസ് നദീമാണ് (18) ഇഷാനൊപ്പം ക്രീസില്‍.
ഒമ്പത് ബൗളര്‍മാരെ ഉപയോഗിച്ചിട്ടും ദല്‍ഹി നായകന്‍ ഉന്‍മുക്ത് ചന്ദിന് ആദ്യ ദിവസം ഝാര്‍ഖണ്ഡിനെ പുറത്താക്കാനായില്ല. രണ്ടു വീതം വിക്കറ്റെടുത്ത സുബോധ് ഭട്ടിയും വരുണ്‍ സൂദും ബൗളര്‍മാരില്‍ മുന്‍പില്‍. പര്‍വീന്ദര്‍ അവാന, വികാസ് ടോകസ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
















