തിരുവനന്തപുരം: ദേശീയ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് 2017 ഫെബ്രുവരി 21 മുതല്‍ 25 വരെ തിരുവനന്തപുരം വേദിയാകും. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, യൂണിവേഴ്‌സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലായി നടക്കുന്ന മേളയില്‍ 13 പ്രായ ഗ്രൂപ്പുകളില്‍ 35 വയസ് മുതല്‍ 100 വയസ് വരെയുള്ളവര്‍ പങ്കെടുക്കും.
ഇരുപത്തിമൂന്ന് ഇനങ്ങളിലായി 29 സംസ്ഥാനങ്ങളില്‍നിന്ന് അയ്യായിരത്തിലധികം പേര്‍ പങ്കെടുക്കും. ദേശീയ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് അസോസിയേഷനും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി സഹകരിച്ച് മാസ്റ്റേഴ്‌സ് അത്‌ലറ്റിക് അസോസിയേഷന്‍ ഓഫ് കേരള (എംഎഎകെ)യാണ് മേള സംഘടിപ്പിക്കുന്നത്. കേരളം വേദിയാകുന്നത്
രണ്ടാം തവണ.
മുതിര്‍ന്നവരുടെ കായികശേഷി പ്രോത്സാഹിപ്പിക്കുക പ്രാഥമിക ലക്ഷ്യം. കുട്ടിക്കാലം മുതല്‍ കായികമേളകളില്‍ പങ്കെടുത്ത് വിവിധ അംഗീകാരങ്ങളും സമ്മാനങ്ങളും നേടി, പിന്നീട് ആ രംഗത്ത് ശ്രദ്ധ പതിപ്പിക്കാന്‍ കഴിഞ്ഞവരും കഴിയാതെ പോയവരുമായ എല്ലാവര്‍ക്കും അവസരം ലഭിക്കും. മാസ്റ്റേഴ്‌സ് അത്‌ലറ്റിക് അസോസിയേഷന്‍ ഓഫ് കേരള സംസ്ഥാന പ്രസിഡന്റ് കോശി സാമുവല്‍ ജനറല്‍ സെക്രട്ടറി കൃഷ്ണന്‍കുട്ടി എന്നിവര്‍ പത്രസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.
















