ന്യൂദല്‍ഹി: കെട്ടിക്കിടക്കുന്ന പതിനായിരക്കണക്കിന് കേസുകളില്‍ വേഗം തീര്‍പ്പുണ്ടാക്കാന്‍ ഹൈക്കോടതികളില്‍ വിരമിച്ച ജഡ്ജിമാരെ നിയമിക്കാന്‍ തീരുമാനമായി. കേന്ദ്ര നിയമമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിമാരും ചീഫ് ജസ്റ്റീസും പങ്കെടുത്ത, ഏപ്രിലില്‍ നടന്ന യോഗത്തിലാണ് തീരുമാനമായത്.
ഭരണഘടനയിലെ വ്യവസ്ഥ ഉപയോഗിച്ചാണ് സത്യസന്ധത തെളിയിച്ച, ഔദ്യോഗിക മികവുള്ള വിരമിച്ച ജഡ്ജിമാരെ ഹൈക്കോടതിയില്‍ നിയമിക്കുക. ഭരണഘടനയിലെ 224 എ വകുപ്പാണ് ഇതിന് അനുമതി നല്‍കുന്നത്. രാഷ്‌ട്രപതിയുടെ മുന്‍കൂര്‍ അനുമതിയോടെ ഹൈക്കോടതി ചീഫ് ജസ്റ്റീസിന് മുന്‍ഹൈക്കോടതി ജഡ്ജിയെ നിയമിക്കാമെന്നാണ് വ്യവസ്ഥ. തീരുമാനമെടുത്ത സമയത്ത് സദാനന്ദ ഗൗഡയായിരുന്നു നിയമമന്ത്രി. പിന്നീട് രവി ശങ്കര്‍ പ്രസാദ് ചുമതലയേറ്റതോടെയാണ് ഇത് നടപ്പാക്കാന്‍ ശ്രമം തുടങ്ങിയത്. ഹൈക്കോടതികളില്‍ അനവധി ഒഴിവുകളാണ് ഉള്ളത്. അതിനാല്‍ കേസുകള്‍ കെട്ടിക്കിടക്കുകയാണ്.
ഏപ്രിലിലെ യോഗ തീരുമാനം ഇന്നലെ കേന്ദ്ര നിയമമന്ത്രാലയം അംഗീകരിച്ചു.
















