ഇസ്താംബൂള്‍: യുറോപ്പ ലീഗ് ഫുട്‌ബോളില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി. തുര്‍ക്കി ടീം ഫെനര്‍ബാഷെയോട് ഒന്നിനെതിരെ രണ്ടു ഗോളിന് തോറ്റു ഹോസെ മൗറീഞ്ഞൊയുടെ യുണൈറ്റഡ്. ഇറ്റാലിയന്‍ കരുത്തര്‍ എഎസ് റോമ ജയം കണ്ടപ്പോള്‍, ഇന്റര്‍ മിലാനു തോല്‍വി. ഫ്രഞ്ച് ലീഗില്‍ മുന്നില്‍ കുതിക്കുന്ന നീസും തോല്‍വി രുചിച്ചു.
ഗ്രൂപ്പ് എയില്‍ എവേ മത്സരത്തില്‍ തൊട്ടതെല്ലാം പിഴച്ചു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്. രണ്ടാം മിനിറ്റില്‍ മൗസ സൗ, 59ാം മിനിറ്റില്‍ ജെര്‍മെയ്ന്‍ ലെന്‍സ് എന്നിവരിലൂടെ മത്സരം ഉറപ്പിച്ചു ഫെനര്‍ബാഷെ. 89ാം മിനിറ്റില്‍ വെയ്ന്‍ റൂണി യുണൈറ്റഡിന്റെ ആശ്വാസം. ജയത്തോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു തുര്‍ക്കി ടീം. നാലു കളികളില്‍ രണ്ടു തോല്‍വി നേരിട്ട യുണൈറ്റഡ് മൂന്നാമത്.
ഗ്രൂപ്പ് ഡിയില്‍ ജയത്തോടെ ഒന്നാമത് തുടരുന്നു എഎസ് റോമ. ഓസ്ട്രിയ വിയന്നയെ രണ്ടിനെതിരെ നാലു ഗോളിന് തോല്‍പ്പിച്ചു റോമ. എഡിന്‍ സാക്കൊയുടെ ഇരട്ട ഗോള്‍ ജയത്തില്‍ നിര്‍ണായകം. ഡാനിയേല ഡി റോസി, റദ്ജ നെയ്ന്‍ഗ്ഗൊലാന്‍ മറ്റു സ്‌കോറര്‍മാര്‍. ഇംഗ്ലീഷ് ടീം സതാംപ്ടണാണ് ഒന്നിനെതിരെ രണ്ടു ഗോളിന് ഇന്ററിനെ തോല്‍പ്പിച്ചത്.
ഗ്രൂപ്പ് ഐയില്‍ ഓസ്ട്രിയന്‍ ടീം സാല്‍സ്ബര്‍ഗിനോട് സ്വന്തം മൈതാനത്ത് മടക്കമില്ലാത്ത രണ്ടു ഗോളിന് തോറ്റു നീസ്. ഹി ചാന്‍ ഹ്വാങ്ങിന്റെ ഇരട്ട ഗോളുകള്‍ മത്സരവിധി നിര്‍ണയിച്ചു. അയാക്‌സ് ആംസ്റ്റര്‍ഡാം രണ്ടിനെതിരെ മൂന്നു ഗോളിന് സെല്‍റ്റ ഡി വിഗൊയെ കീഴടക്കി. ഷാക്തര്‍ 5-3ന് ജെന്റിനെയും തുരത്തി. ജര്‍മന്‍ ടീം ഷാല്‍ക്കെ ജയം കണ്ടപ്പോള്‍, സ്പാനിഷ് ടീം വിയ്യറയലിന് തോല്‍വി. ഷാല്‍ക്കെ മടക്കമില്ലാത്ത രണ്ടു ഗോളിന് ക്രസന്‍ഡോറിനെ തോല്‍പ്പിച്ചപ്പോള്‍, വിയ്യറയലിനെ ഒന്നിനെതിരെ രണ്ടു ഗോളിന് ഒസ്മാന്‍ലിസ്‌പോര്‍ കീഴടക്കി.
















