ഷാര്‍ജ: പാക്കിസ്ഥാനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ വിജയം വിന്‍ഡീസിന്. അഞ്ച് വിക്കറ്റിനാണ് ജയം. രണ്ടാം ഇന്നിങ്ങ്‌സില്‍ ജയിക്കാനാവശ്യമായ 153 റണ്‍സ് അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി വിന്‍ഡീസ് സ്വന്തമാക്കി.
സ്‌കോര്‍ ചുരുക്കത്തില്‍: പാക്കിസ്ഥാന്‍ 281, 208, വിന്‍ഡീസ് 337, അഞ്ചിന് 154.
60 റണ്‍സുമായി പുറത്താകാതെ നിന്ന ഓപ്പണര്‍ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റും ഷെയ്ന്‍ ഡൗറിച്ചുമാണ് കരീബിയന്‍സിന് വിജയം സമ്മാനിച്ചത്. ബ്രാത്ത്‌വെയ്റ്റ് ആദ്യ ഇന്നിങ്ങ്‌സില്‍ പുറത്താകാതെ സെഞ്ചുറി നേടിയിരുന്നു. ഇതോടെ രണ്ടിന്നിങ്ങ്‌സിലും പുറത്താകാതെ നിന്ന ആദ്യ വിന്‍ഡീസ് ഓപ്പണര്‍ എന്ന ബഹുമതിയും ബ്രാത്ത്‌വെയ്റ്റിന് സ്വന്തം.
ബാത്ത്‌വെയ്റ്റ് മാന്‍ ഓഫ് ദി മാച്ച്. പാക് സ്പിന്നര്‍ യാസിര്‍ ഷാ മാന്‍ ഓഫ് ദി സീരീസ്. തോറ്റെങ്കിലും ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച പാക്കിസ്ഥാന്‍ 2-1ന് പരമ്പര സ്വന്തമാക്കി.
2015 മെയിനു ശേഷം വിന്‍ഡീസ് ടെസ്റ്റില്‍ നേടുന്ന ആദ്യ വിജയമാണിത്. 2007നുശേഷം വിന്‍ഡീസിന് പുറത്തെ ആദ്യ ജയമാണിത്. ജാസണ്‍ ഹോള്‍ഡറുടെ നായകനായശേഷമുള്ള ആദ്യ ജയവും.
രണ്ടാം ഇന്നിങ്ങ്‌സില്‍ ഒരു ഘട്ടത്തില്‍ അഞ്ചിന് 67 എന്ന നിലയില്‍ പരാജയത്തെ മുന്നില്‍ക്കണ്ട വിന്‍ഡീസിനെ ്രബാത്ത്‌വെയ്റ്റും ഡൗറിച്ചും ചേര്‍ന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് തുണയായത്. അപരാജിതമായ ഈ കൂട്ടുകെട്ടില്‍ 87 റണ്‍സാണ് ഇവര്‍ കൂട്ടിച്ചേര്‍ത്തത്.
നേരത്തെ ഏകദിന-ട്വന്റി 20 പരമ്പരയില്‍ വിന്‍ഡീസ് സമ്പൂര്‍ണ്ണ പരാജയം ഏറ്റുവാങ്ങിയിരുന്നു.
















