ഗോളിലേക്കൊരു കിക്ക്….. ഗോവയുടെ റാഫേല്‍ കൊയല്‍ഹോ ഫ്രീകിക്കിലൂടെ ഗോള്‍ നേടുന്നു
പൂനെ: സമനിലക്കെട്ടുപൊട്ടിക്കാനുള്ള പൂനെ സിറ്റി എഫ്‌സിയുടെ ശ്രമങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. തുടര്‍ച്ചയായ മൂന്ന് സമനിലകള്‍ക്കുശേഷം ഇന്നലെ ഗോവക്കെതിരെ പന്തു തട്ടാനിറങ്ങിയ അവര്‍ 1-0ന്റെ തോല്‍വി ഏറ്റുവാങ്ങി. കളിയുടെ 32-ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം റാഫേല്‍ കൊയല്‍ഹോയുടെ മിന്നുന്ന ഫ്രീകിക്ക് ഗോളാണ് ഗോവക്ക് വിജയം സമ്മാനിച്ചത്. സീസണില്‍ ഗോവയുടെ രണ്ടാം വിജയമാണിത്.
തോല്‍വിയോടെ പൂനെ 6 പോയിന്റുമായി ഏറ്റവും പിന്നിലേക്ക് വീണപ്പോള്‍ ഗോവ 7 പോയിന്റുമായി ഏഴാം സ്ഥാനത്തേക്കുയര്‍ന്നു. സ്വന്തം മൈതാനത്ത് പൂനെ 4-2-3-1 ശൈലിയിലും ഗോവ ആക്രമണത്തിന് മുന്‍തുക്കം നല്‍കി 3-4-3 രീതിയിലുമാണ് കളിക്കാരെ വിന്യസിച്ചത്.
പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും പൂനെ നേരിയ മുന്‍തൂക്കം നേടിയെങ്കിലും ഗോവന്‍ ഗോളി ലക്ഷ്മികാന്ത് കാട്ടിമണിയെ കീഴടക്കാന്‍ കഴിഞ്ഞില്ല. ബാറിന് കീഴില്‍ ഉജ്ജ്വല പ്രകടനമാണ് കാട്ടിമണി നടത്തിയത്. കളിയുടെ തുടക്കം മുതല്‍ പൂനെ ഗോവ പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചു. എന്നാല്‍ ആക്രമണത്തിലെ ലക്ഷ്യബോധമില്ലായ്‌മയും കടുത്ത ഗോവന്‍ പ്രതിരോധവും അവര്‍ക്ക് വിലങ്ങുതടിയായി. ആദ്യ മിനിറ്റില്‍ തന്നെ അവര്‍ക്ക് ഫ്രീകിക്ക് ലഭിച്ചെങ്കിലും ജോനാഥന്‍ ലൂക്കയുടെ കിക്ക് നേരെ ഗോവ ഗോളിയുടെ കയ്യിലേക്ക്.
അഞ്ചാം മിനിറ്റിലാണ് ഗോവയുടെ ആദ്യ ശ്രമം. എന്നാല്‍ റാഫേല്‍ കൊയല്‍ഹോയുടെ ഷോട്ട് കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. ഇതോടെ മത്സരം ആവേശത്തിലായി. ഇരുടീമുകളും ആക്രമണ-പ്രത്യാക്രമണങ്ങളുമായി കളംനിറഞ്ഞു. ഒടുവില്‍ ആ നിമിഷം വന്നെത്തി. ജോഫ്രെയെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോള്‍. കൊയല്‍ഹോ എടുത്ത ഫ്രീകിക്ക് പൂനെ പ്രതിരോധമതിലിന് മുകളിലൂടെ പറന്നിറങ്ങി വലയില്‍ കയറിയപ്പോള്‍ മുഴുനീളെ പറന്ന ഗോളി അപൗല ഈഡലിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഇതോടെ ആദ്യപകുതിയില്‍ ഗോവ 1-0ന് മുന്നില്‍.
രണ്ടാം പകുതിയില്‍ ഗോള്‍ മടക്കുക എന്ന ലക്ഷ്യത്തോടെ പൂനെ ആക്രമിച്ചു കളിച്ചു. 55-ാം മിനിറ്റില്‍ അവര്‍ക്ക് ഫ്രീകിക്ക്. എന്നാല്‍ ടാറ്റോവിന്റെ കിക്ക് ബോക്‌സിനുള്ളില്‍ നില്‍ക്കുകയായിരുന്ന അനിബാളും ട്രോറെറെയും നഷ്ടപ്പെടുത്തി. 63-ാം മിനിറ്റില്‍ റോബിന്‍ സിങ്ങിനെ തിരിച്ചുവിളിച്ച് ഗോവ രാജു ഗെയ്‌ക്ക്‌വാദിനെ ഇറക്കി പ്രതിരോധത്തിന് കരുത്തുകൂട്ടി. ആറ് മിനിറ്റിനുശേഷം ജോഫ്രെക്ക് പകരം റെയ്‌നാള്‍ഡോയും ഇറങ്ങി. 74-ാം മിനിറ്റില്‍ ലെന്നി റോഡ്രിഗസിന് പകരം സഞ്ജു പ്രധാനും അനിബാളിന് പകരം മൊമര്‍ നോയെയും പൂനെക്കായി മൈതാനത്ത്. ഇതോടെ മുന്നേറ്റത്തിന് മൂര്‍ച്ച കൂടിയെങ്കിലും ഗോവ ഗോളി ലക്ഷ്മികാന്ത് കാട്ടിമണിയുടെ മികച്ച ഫോമിന് മുന്നില്‍ അവയെല്ലാം വിഫലമായി.
82-ാം മിനിറ്റില്‍ ടാറ്റോക്ക് പകരം ബ്രൂണോ ഹെരേരയും പൂനെക്കായി കളത്തിലെത്തി. തൊട്ടടുത്ത മിനിറ്റില്‍ അവര്‍ക്ക് ലഭിച്ച ഫ്രീകിക്കും ലക്ഷ്യത്തിലെത്തിയില്ല. അവസാന മിനിറ്റുകളില്‍ പൂനെ താരങ്ങള്‍ മെക്‌സിക്കന്‍ തിരമാല കണക്കെ ഗോവന്‍ ബോക്‌സിലേക്ക് ഇരച്ചുകയറിയെങ്കിലും കാര്യമുണ്ടായില്ല. 86-ാം മിനിറ്റില്‍ ഗോവ ലീഡ് ഉയര്‍ത്തിയെന്ന് തോന്നിച്ചെങ്കിലും രാഹുല്‍ ബെക്കെയുടെ ഉജ്ജ്വലമായ രക്ഷപ്പെടുത്തല്‍ അവരെ തുണച്ചു. പന്തുമായി ഒറ്റക്ക് മുന്നേറിയ റാഫേല്‍ അഡ്വാന്‍ഡ് ചെയ്ത പൂനെ ഗോളിയുടെ തലയ്‌ക്ക് മുകളിലൂടെ പോസ്റ്റിലേക്ക് പായിച്ചെങ്കിലും ഉജ്ജ്വലമായ ഹെഡ്ഡറിലുടെ ബെക്ക രക്ഷപ്പെടുത്തുകയായിരുന്നു.
















