ന്യൂദല്‍ഹി: പാക്ക് ആക്രമണം ശക്തമായതോടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ പാലായനം. കാല്‍ ലക്ഷം ഗ്രാമീണര്‍ കുടിയൊഴിഞ്ഞ് നൂറുകണക്കിന് വീടുകള്‍ ശൂന്യമായി. അന്താരാഷ്‌ട്ര അതിര്‍ത്തിയില്‍ 120 ഗ്രാമങ്ങളിലും നിയന്ത്രണരേഖയില്‍ 47 ഗ്രാമങ്ങളിലുമാണ് കുടിയൊഴിയല്‍.
കഴിഞ്ഞ ദിവസം പാക്ക് സൈന്യത്തിന്റെ ഷെല്ലാക്രമണത്തില്‍ എട്ട് സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഒരാഴ്ചക്കിടെ 11 ഗ്രാമീണര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. പാക്കിസ്ഥാന്‍ മനപ്പൂര്‍വ്വം സാധാരണക്കാരെ വെടിവെയ്‌ക്കുകയാണെന്ന് ബിഎസ്എഫ് ആരോപിച്ചു.
പാക്ക് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ജമ്മു, സാംബ, കത്വ, രജൗരി, പൂഞ്ച് ജില്ലകളിലാണ് വീടുകള്‍ ഉപേക്ഷിക്കപ്പെട്ടത്.
ബന്ധുവീടുകളിലും താത്കാലിക അഭയകേന്ദ്രങ്ങളിലുമാണ് ഇവര്‍ കഴിയുന്നത്. വളര്‍ത്തു മൃഗങ്ങളെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. 300 സ്‌കൂളുകള്‍ അടച്ചിട്ടു. വീടൊഴിഞ്ഞ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ സൈന്യം ഗ്രാമീണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
















