ന്യൂദല്‍ഹി: ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പദ്ധതി കാര്യക്ഷമമായി നടപ്പാക്കിയില്ലെന്നാരോപിച്ച് ജന്തര്‍ മന്ദറില്‍ സമരം ചെയ്യുന്ന വിമുക്തഭടന്മാരില്‍ ഒരാള്‍ ആത്മഹത്യ ചെയ്തു. ഹരിയാന സ്വദേശി രാം കിഷന്‍ ഗരേവാ (65)ളാണ് മരിച്ചത്. രാഷ്‌ട്രീയ മുതലെടുപ്പ് നടത്താനുള്ള കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുലിന്റെ നീക്കം പൊളിഞ്ഞു.
മൃതദേഹം സൂക്ഷിച്ച രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രതിഷേധം നടത്താനായിരുന്നു പരിപാടി. ആശുപത്രി കവാടത്തില്‍ രാഹുലിനെ പോലീസ് തടഞ്ഞു. മറ്റ് രോഗികള്‍ക്ക് ദുരിതമാകുമെന്ന ആശുപത്രി അധികൃതരുടെ പരാതി പ്രകാരമാണ് നടപടി. പിരിഞ്ഞുപോകാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് രാഹുലിനെ കസ്റ്റഡിയിലെടുത്ത് ഒരു മണിക്കൂറിന് ശേഷം വിട്ടയച്ചു.
വൈകിട്ട് വീണ്ടും രാഹുല്‍ പ്രതിഷേധവുമായെത്തിയെങ്കിലും പോലീസ് തടഞ്ഞു.
ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും പ്രവേശിപ്പിച്ചില്ല. കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ കേജ്‌രിവാളിനെയും അനുവദിച്ചില്ല. ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലാക്കുമെന്നതിനാലാണ് അനുമതി നല്‍കാതിരുന്നതെന്ന് പോലീസ് പറഞ്ഞു. രാത്രി പോലീസ് സ്‌റ്റേഷനിലും രാഹുലും പ്രവര്‍ത്തകരും പ്രതിഷേധമുണ്ടാക്കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെ പോലീസ് വിവരങ്ങള്‍ ധരിപ്പിച്ചു.
മരണത്തെ രാഷ്‌ട്രീയവത്കരിക്കുന്നത് രാഹുല്‍ അവസാനിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി ജനറല്‍ വി.കെ. സിങ് പ്രതികരിച്ചു. ആത്മഹത്യക്ക് മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും അന്വേഷിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ആത്മഹത്യ നിര്‍ഭാഗ്യകരമാണെന്ന് ബിജെപി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ പറഞ്ഞു.
















