പൂനെ സിറ്റി എഫ്‌സി താരങ്ങള്‍ പരിശീലനത്തില്‍
പൂനെ: തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ക്കുശേഷം നിലവിലെ റണ്ണേഴ്‌സായ എഫ്‌സി ഗോവ ഇന്ന് വീണ്ടും കളത്തില്‍. എതിരാളികള്‍ പൂനെ സിറ്റി എഫ്‌സി ബാലവാഡി ശിവ്ഛത്രപതി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്സ് റ്റേഡിയത്തില്‍ രാത്രി 7ന് കിക്കോഫ്.
നിലവില്‍ ഏഴ് കളികള്‍ പൂര്‍ത്തിയാക്കിയ എഫ്‌സി ഗോവ ഒരു ജയവും ഒരു സമനിലയും അഞ്ച് പരാജയവുമടക്കം 4 പോയിന്റുമായി എട്ടാമത്. പൂനെ തൊട്ടുമുകളില്‍. ഒരു വിജയവും മൂന്ന് സമനിലയും രണ്ട് പരാജയവുമടക്കം 6 പോയിന്റ്.
ഇന്ന്ജയിച്ചാല്‍ ഗോവക്ക്—പൂനെ സിറ്റിയെ പോയിന്റ് പട്ടികയില്‍ മറികടക്കാനാകും. അതേപോലെ പൂനെയാണ് ജയിക്കുന്നതെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സിനെ പിന്തള്ളി പൂനെക്ക് ആറാം സ്ഥാനത്തേക്കും ഉയരാം.
മികച്ച സ്‌ട്രൈക്കര്‍മാരുടെ അഭാവമാണ് കോച്ച് സീക്കോയെ അലട്ടുന്നത്. മികച്ച കളി നടത്തിയിട്ടും ഷൂട്ടര്‍മാര്‍ പരാജയപ്പെടുന്നതാണ് ഗോവക്ക് കഴിഞ്ഞ മത്സരങ്ങളിലെല്ലാം തിരിച്ചടിയായത്. ജൂലിയോ സെസാറും റാഫേല്‍ കൊയല്‍ഹോയും ജോഫ്രെയുമെല്ലാം ഗോളടിക്കുന്നതില്‍ ഏറെ പിന്നിലാണ്. കഴിഞ്ഞ ഏഴ് കളികളില്‍ നാല് ഗോളുകള്‍ മാത്രം നേടാന്‍ കഴിഞ്ഞ ഗോവ 11 എണ്ണമാണ് വഴങ്ങിയത്.
ഇത്തവണ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാണെന്ന് കോച്ച് സീക്കോ പറഞ്ഞു. അടുത്ത ഏഴ് മത്സരങ്ങളില്‍ അഞ്ചെണ്ണമെങ്കിലും ജയിച്ചാലേ സെമി സാധ്യത നിലനിര്‍ത്താന്‍ കഴിയു. ഷൂട്ടിങ്ങിലാണ് പ്രധാന പ്രശ്‌നമെന്നും സീക്കോ പറഞ്ഞു. കഴിഞ്ഞ മത്സരങ്ങളിലെല്ലാം എതിരാളികള്‍ക്കെതിരെ നിരവധി അവസരങ്ങളാണ് ഗോവ നേടിയത്. 67 തവണ എതിരാളികളുടെ ഗോള്‍ മുഖം ലക്ഷ്യമാക്കി ഷോട്ട് ഉതിര്‍ത്തു. ഇതില്‍ പകുതിയോളവും ഗോള്‍കീപ്പര്‍മാരെ പരീക്ഷിച്ചവയും ആയിരുന്നു. ഇത് മാറണം. കിട്ടുന്ന അവസരങ്ങള്‍ ഗോളാക്കിമാറ്റിയാലേ ഇനി രക്ഷയുള്ളൂ. അതിനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നതെന്നും സീക്കോ കൂട്ടിച്ചേര്‍ത്തു.
ഏറെ വ്യത്യസ്തമൊന്നുമല്ല പൂനെയുടെ സ്ഥിതിയും. ആദ്യ മത്സരത്തില്‍ മുംബൈയോട് തോറ്റുതുടങ്ങിയ പൂനെ രണ്ടാം കളിയില്‍ ഗോവയെ തോല്‍പ്പിച്ചു. എന്നാല്‍ അതിനുശേഷം കളിച്ച നാല് കളികളില്‍ ഒരു ജയം പോലും അവരുടെ അക്കൗണ്ടിലില്ല. ഒരു പരാജയവും മൂന്ന് സമനിലയുമാണ് നേടാന്‍ കഴിഞ്ഞത്. സമനിലകള്‍ക്കു ക്ഷാമമില്ലെങ്കിലും ഐഎസ്എല്ലിന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായി നാല്—മത്സരങ്ങള്‍ ജയിക്കാന്‍ കഴിയാതെ പിന്നിട്ട ഏക ടീമും പൂനെ സിറ്റിയാണ്.
എന്നാല്‍ പൂനെയുടെ പരിശീലകന്‍ ഹബാസ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. തന്റെ ടീമിന് സെമിയില്‍ ഇടംനേടാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സീസണിലെ ചെന്നൈയിന്‍ എഫ്‌സിയുടെ മോശം തുടക്കവുമായാണ് ഹബാസ് പൂനെയുടെ ഇപ്പോഴത്തെ പ്രകടനത്തെ വിലയിരുത്തുന്നത്. എന്തായാലും ഇന്ന് ജയിക്കുക എന്നതുമാണ് തന്റെ ലക്ഷ്യമെന്നും പൂനെ കോച്ച് കൂട്ടിച്ചേര്‍ത്തു.
















