നിഷ്ഠ എന്നാല്‍ കൃത്യതയോടെയും കണിശതയോടെയും കാര്യപദ്ധതികള്‍ നടത്തുക എന്നതാണ്. ഉദാഹരണമായി ഗ്രഹങ്ങളുടെ സൂര്യ പ്രദക്ഷിണം വളരെ നിഷ്ഠയോടെ നടന്നുകൊണ്ടിരിക്കുന്നു. സമയം കണക്കാക്കുന്നതുപോലും ഭൂമി സ്വയം തിരിയുന്നതിന്റെയും സൂര്യന് ചുറ്റും പ്രദക്ഷിണം വയ്‌ക്കുന്നതിന്റെയും അടിസ്ഥാനത്തിലാണ് തിഥി, നാള്‍ ഇവ കൃത്യമായി കണക്കാക്കുന്നത് ചന്ദ്രഗതിക്കനുസൃതമായാണ്.
സത്യവുമായി താദാത്മ്യം പ്രാപിക്കുന്നു എന്ന മാഹാത്മ്യം നിഷ്ഠയുടെ നൈസര്‍ഗികമായ സവിശേഷതയാണ്. അതുകൊണ്ടുതന്നെയാണ് ഗ്രഹചലനങ്ങളുമായി ബന്ധപ്പെട്ട്, വിശേഷങ്ങള്‍, ഉത്സവങ്ങള്‍, മുഹൂര്‍ത്തങ്ങള്‍ എന്നിവ നമ്മുടെ നാട്ടില്‍ സംഘടിപ്പിക്കുന്നത്. ഉദാഹരണമായി, കുംഭമേള കുംഭമാസത്തില്‍ പൗര്‍ണമി നാളില്‍ ആഘോഷിക്കുന്നു. ശിവരാത്രി ആഘോഷിക്കുന്നതും കുംഭത്തിലെ അമാവാസിയിലാണ്. ചുരുക്കത്തില്‍ നമുക്ക് പ്രത്യക്ഷാനുഭവമായി നിഷ്ഠ, സത്യം ഇവ ഗ്രഹങ്ങള്‍ സദാ കാട്ടിത്തരുന്നു. സനാതനധര്‍മ്മമാകട്ടെ പ്രാപഞ്ചികമായ ഈ പരമനിഷ്ഠതയെ പരമാവധി പ്രയോജനപ്പെടുത്തുന്ന തരത്തില്‍ പലേ ആചാരാനുഷ്ഠാനങ്ങള്‍ സംഘടിപ്പിച്ചിരിക്കുകയാണ്.
ഇത്തരത്തില്‍ സനാതനധര്‍മം ആവിഷ്‌കരിച്ചിട്ടുള്ള വളരെ വിശിഷ്ഠമായ പദ്ധതിയാണ് ക്ഷേത്രങ്ങളും അവയുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളും. ക്ഷേത്രചൈതന്യം നിഷ്ഠയില്‍ അധിഷ്ഠിതമാണ്. പൂജാവിധികള്‍, മന്ത്രജപം, നാമ സങ്കീര്‍ത്തനം, ഉത്സവാഘോഷങ്ങള്‍ ഇവ വളരെ നിഷ്ഠയോടെ പരിപാലിക്കപ്പെടുന്നതിനനുസരിച്ച് ക്ഷേത്രം പരമസത്യവുമായി ബന്ധപ്പെടാനുള്ള ഉപാധിയായി, നാടിന്റെയും ഭക്തജനങ്ങളുടെയും ഐശ്വര്യത്തിന് നിദാനമായി വളര്‍ന്നുവികസിക്കും. നിഷ്ഠയില്‍ കുറവുവരുക, തെറ്റുവരുക എങ്കില്‍ അനുഭവങ്ങളും വിപരീതമാകും. ഗ്രഹചലനങ്ങളില്‍ അല്‍പ്പം വ്യതിയാനം സംഭവിച്ചാലുണ്ടാകുന്ന ദുരന്തങ്ങള്‍ എത്രയോ ഭീകരമായിരിക്കും!
മനുഷ്യശരീരവും ക്ഷേത്രതുല്യമാണ്. നിഷ്ഠയോടെ വര്‍ത്തിക്കുക എന്നതിന് ഏറ്റവും ലളിതമായി സംഘടിപ്പിച്ചിരിക്കുന്ന, പ്രകൃതിയോടൊത്തു പോകുന്ന ക്ഷേത്രാരാധന മനുഷ്യഗാത്രമെന്ന ക്ഷേത്രത്തിന് വളരെ സഹായകരമാണ്. ക്ഷേത്രനിഷ്ഠ മനുഷ്യന് ഗുണകരമെന്നപോലെ, മനുഷ്യന്റെ നിഷ്ഠ സമൂഹത്തിനും ഗുണകരമായിത്തീരും.
നിഷ്ഠയുടെ കാര്യത്തില്‍ സര്‍വപ്രധാനമാണ് സൂര്യഭഗവാന്‍. അളവില്ലാത്ത ഊര്‍ജ്ജപ്രവാഹം നടത്തുന്ന ജ്യോതിസ്വരൂപനായ സൂര്യഭഗവാന്റെ നിഷ്ഠയെ ആശ്രയിച്ചാണ് ഈ ഭൂമിയിലെ സമസ്ത ജീവജാലവും നിലനില്‍ക്കുന്നത്. സൂര്യപ്രകാശത്തെ ആശ്ലേഷിച്ച്, കിഴക്കു ദര്‍ശനമായാണ് ക്ഷേത്രങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. സൂര്യനിഷ്ഠയെ വണങ്ങിയാണ് ദേവചൈതന്യമുയരുന്നത്.
സകലവിദ്യയും നിഷ്ഠയിലധിഷ്ഠിതമാണ്. എന്തിന്, ഭക്തിപോലും ആത്മനിഷ്ഠയിലാണവസാനിക്കുക, എന്നു മഹത്തുക്കള്‍ പറയുന്നു.
















