ഭോപാല്‍: സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച സിമി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് വെടിയുണ്ടകള്‍ കൊണ്ടുണ്ടായ മുറിവുകളെ തുടര്‍ന്നാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
വെടിവയ്‌പ്പിലുണ്ടായ മുറിവുകളാണ് എട്ട് സിമി പ്രവര്‍ത്തകരുടേയും മരണകാരണമെന്നും അരയ്‌ക്ക് മേലെയാണ് ഭൂരിഭാഗം മുറിവുകളുമുണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. എട്ട് സിമി പ്രവര്‍ത്തകരുടെ ശരീരത്തിലും കുറഞ്ഞത് രണ്ട് വീതം വെടിയുണ്ടകള്‍ തറച്ചിട്ടുണ്ട്. ചില മുറിവുകളുണ്ടായിരിക്കുന്നത് തലയ്‌ക്കും നെഞ്ചിനുമാണെന്നും പല ദിശകളില്‍ നിന്നാണ് വെടിയേറ്റതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
സിമി പ്രവര്‍ത്തകര്‍ ധരിച്ചിരുന്ന വസത്രങ്ങള്‍ പരിശോധനകള്‍ക്ക് അയച്ചിട്ടുണ്ട്. അതേസമയം പ്രതികളുടെ അഭിഭാഷകന്‍ പര്‍വേസ് അലം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ജയില്‍ ചാടി മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികള്‍ കൊല്ലപ്പെട്ടത് സംശയമുണ്ടാക്കുന്നതാണെന്നും അയാള്‍ പറയുന്നു. കൊല്ലപ്പെട്ട പ്രതികളുടെ കുടുംബങ്ങള്‍ ഈ കൊപാതകങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അലം വ്യക്തമാക്കി. ഏറ്റുമുട്ടലുകള്‍ നടക്കാതെ വളരെ അടുത്ത പരിധിയില്‍ നിന്നാണ് പ്രതികളെ വെടിവച്ചതെന്നും പ്രതികള്‍ തിരികെ വെടിവച്ചതിന് തെളിവുകള്‍ ഇല്ലെന്നും അലം വാദിച്ചു.
നേരത്ത മരത്തടിയും ടൂത്ത്ബ്രഷും ഉപയോഗിച്ച് വ്യജ താക്കോലുകളുണ്ടാക്കിയാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്ന് കണ്ടെത്തിയിരുന്നു. ജയിലെ ഹെഡ്‌കോണ്‍സ്റ്റബിളിനെ വകവരുത്തിയ ശേഷം ബെഡ് ഷീറ്റുകള്‍ കൂട്ടിക്കെട്ടി മതില്‍ ചാടിയാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്നും തെളിഞ്ഞിരുന്നു. എന്നാല്‍ അതീവ സുരക്ഷാ സന്നാഹങ്ങളുള്ള ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഉയര്‍ന്ന മതിലുകള്‍ ചാടി രക്ഷപ്പെട്ടതും വ്യാജ താക്കോലുകള്‍ ഉപയോഗിച്ചു എന്നതും അലം ചോദ്യം ചെയ്തു.
സിമി പ്രവര്‍ത്തകര്‍ ജയില്‍ ചാടിയ സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
















