മുംബൈ: ഭാരതത്തിലെ മുന്‍ സര്‍ക്കാരുകള്‍ തങ്ങളെ നിരാശപ്പെടുത്തിയെന്ന് ബലൂചിസ്ഥാന്‍ നേതാവ് നേല ഖദ്രി ബലോച്ച്. എന്നാല്‍ നിലവിലെ ഭാരത സര്‍ക്കാര്‍ മികച്ചതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തങ്ങളെ പിന്തുണച്ചതിന് നന്ദി രേഖപ്പെടുത്തുന്നെന്നും ഖദ്രി പറഞ്ഞു. മുംബൈ പ്രസ്ക്ലബില്‍ നടന്ന മുഖാ മുഖം പരിപാടിയിലാണ് ഖദ്രിയുടെ പ്രസ്താവന.
സ്വാതന്ത്ര്യത്തിന് വേണ്ടി ഏതു രീതിയിലും പോരാടുമെന്നും വേണ്ടി വന്നാല്‍ അതിനായി ആയുധങ്ങള്‍ ഉപയോഗിക്കാനും തയ്യാറാണെന്ന് ഖദ്രി കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാന് ബലൂചിസ്ഥാനെതിരെ രാസായുധങ്ങള്‍ പ്രയോഗിക്കുന്നു, സ്ത്രീകളെ തട്ടി കൊണ്ട് പോയി ബലാത്സംഗത്തിന് ഇരയാക്കുന്നു, കൂടാതെ കുട്ടികളെ കൊലപ്പെടുത്തുന്നെന്നും ഖദ്രി പറഞ്ഞു. ചൈനയുടെ വരവോടെ പീഡനങ്ങള്‍ വര്‍ദ്ധിച്ചതായും അവര്‍ ചൂണ്ടിക്കാട്ടി.
ഞങ്ങള്‍ക്കറിയാം ഞങ്ങള്‍ പാക്കിസ്ഥാനികളല്ല. ബലൂചിസ്ഥാനില്‍ പാക്കിസ്ഥാന് ആക്രമണങ്ങള്‍ നടത്തുമ്പോള്‍ ഐക്യരാഷ്ട്രസഭ എവിടെയായിരുന്നെന്നും ഖദ്രി ചോദിച്ചു. ബലൂചിസ്ഥാനിലെ കലാപങ്ങള്‍ ആഭ്യന്തര പ്രശ്നമാണെന്ന് പാക്കിസ്ഥാന് ഒരിക്കലും പറഞ്ഞിട്ടില്ല. എന്നിട്ടും ഭാരതം അല്ലാതെ ആരും ബലൂചിസ്ഥാനിലെ പ്രശ്നങ്ങളില്‍ ഇടപ്പെട്ടിട്ടില്ല.
വിദേശത്ത് നിന്ന് ഒഴുകുന്ന പണം ഉപയോഗിച്ച് പാക്കിസ്ഥാന് ഭീകരതയെ വളര്‍ത്തുകയാണ്. യുദ്ധങ്ങളില്‍ ഭീകരരെ ഉപയോഗപ്പെടുത്തുന്നെന്നും ഖദ്രി പറഞ്ഞു. ബലൂചിസ്ഥാനിലെ പ്രശ്നം കേവലം മനുഷ്യത്വ രഹിതമല്ല. പകരം അത് സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണെന്നും ഖദ്രി കൂട്ടിച്ചേര്‍ത്തു.
















