തലശ്ശേരി: പുരാവസ്തു വകുപ്പിന്റെ അനുമതി വാങ്ങാതെ ആരംഭിച്ച തലശ്ശേരി സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തി വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം നിര്‍ത്തിവെച്ചു. എം.പി., എംഎല്‍എ എന്നിവരുടെ ആസ്തിഫണ്ടില്‍നിന്ന് പതിനാല് കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഡിയത്തിന്റെ നവീകരണ പരിപാടി തുടങ്ങിയത്. ഇതിന്റെ ഭാഗമായി നിലവിലുള്ള ബാസ്‌കറ്റ് ബോള്‍ സിന്തറ്റിക്കാക്കാനും 5000 പേര്‍ക്കിരിക്കാനുള്ള സൗകര്യത്തോടെയുള്ള ഗ്യാലറിയുമാണ് ലക്ഷ്യം. എന്നാല്‍ ടിപ്പുവിന്റെ കോട്ട ഈ കോര്‍ട്ടിനോട് ചേര്‍ന്നാണ് സ്ഥിതിചെയ്യുന്നതെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പുരാവസ്തു വകുപ്പിന്റെ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുള്ളത്. ഇക്കാര്യം നേരത്തെ അറിയാവുന്ന നഗരസഭ പുരാവസ്തു വകുപ്പിനെ അവഗണിച്ചുകൊണ്ട് അനുമതി വാങ്ങാതെയാണ് പ്രവര്‍ത്തി ആരംഭിച്ചതെന്നാണ് അറിയുന്നത്.
നവീകരണത്തിന്റെ ഭാഗമായി ആധുനിക രീതിയിലുള്ള ഫുട്‌ബോള്‍-വോളീബോള്‍ കോര്‍ട്ടുകള്‍ നിര്‍മ്മിക്കാനുള്ള ഉപകരണങ്ങള്‍ തുടങ്ങിയിട്ട് ഒരുമാസം പിന്നിട്ടുകഴിഞ്ഞു. സ്റ്റേഡിയം നഗരസഭയുടേതാണെന്നും, റവന്യൂ വകുപ്പിന്റേതാണെന്നുമുള്ള തര്‍ക്കം നിലനില്‍ക്കെയാണ് പുരാവസ്തുവകുപ്പിന്റെ എതിര്‍പ്പുകൂടി വന്നുചേര്‍ന്നത്. ഇത്കാരണം ഇന്നലെ മുതല്‍ ജോലിനിര്‍ത്തിവെച്ചിരിക്കുകയാണ്.
















