കണ്ണൂര്‍: പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ കാംപയിന്റെ ഭാഗമായി കലക്ടറേറ്റില്‍ നടന്ന കൈത്തറി ക്യാരിബാഗുകളുടെ വില്‍പ്പന കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
ഏപ്രില്‍ രണ്ടിനകം ജില്ലയെ പ്ലാസ്റ്റിക് കാരിബാഗ് രഹിത ജില്ലയാക്കുന്നതിനുള്ള “പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍- നല്ല നാട് നല്ല മണ്ണ്’കാംപയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പ്ലാസ്റ്റിക് ബാഗുകള്‍ക്കു പകരം കൈത്തറി ബാഗുകളുമായി ഷോപ്പിംഗിനു പോകുന്ന രീതി ഓരോരുത്തരും സ്വീകരിച്ചാല്‍ പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് ഒരു പരിധിവരെ രക്ഷനേടാന്‍ സാധിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ വാങ്ങാന്‍ ടിഫിന്‍ ബോക്‌സുമായി വരുന്നവര്‍ക്ക് വിലയില്‍ 10 ശതമാനം കുറവ് നല്‍കാന്‍ ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയേഷന്‍ സമ്മതിച്ചതായി അദ്ദേഹം അറിയിച്ചു. ഈ സേവനം ലഭിക്കുന്ന ഹോട്ടലുകളുടെ പേരു വിവരങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കും.
േകരളത്തിലെ മനോഹരമായ കണ്ടല്‍ക്കാടുകളില്‍ 80 ശതമാനവും കണ്ണൂര്‍ ജില്ലയിലാണെങ്കിലും ഇവയിലേറെയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറഞ്ഞതുകാരണം നാശത്തിന്റെ വക്കിലാണ്. കരയില്‍ നിന്ന് കണ്ടല്‍ക്കാടുകള്‍ കാണാന്‍ മനോഹരമാണെങ്കിലും പുഴയിലൂടെ യാത്ര ചെയ്യുമ്പോഴാണ് അവയ്‌ക്കിടയില്‍ അടിഞ്ഞുകൂടിയ മാലിന്യം എത്രമാത്രം ഭീകരമാണെന്ന് തിരിച്ചറിയാനാവുക.
കണ്ണൂരിനെ വിദേശികളടക്കമുള്ള വിനോദസഞ്ചാരികളുടെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ആദ്യ ചുവടുവയ്‌പ്പായി പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ കാംപയിനെ മാറ്റാനാവണം. ജില്ലയിലെ പുഴകള്‍ ഉപയോഗിച്ചുള്ള വിനോദസഞ്ചാര സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം കൈത്തറി ഉല്‍പ്പന്നങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതോടെ കൈത്തറി മേഖലയുടെ പുനരുജ്ജീവനത്തിന് അത് വഴിയൊരുങ്ങുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. വിപണിയില്‍ ആവശ്യക്കാര്‍ കൂടിവരുന്നതനുസരിച്ച് ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കൈത്തറി സ്ഥാപനങ്ങള്‍ക്ക് കഴിയും. പുറത്തുനിന്നെത്തുന്നവര്‍ക്ക് കണ്ണൂരിന്റെ സവിശേഷ സ്മരണയുണര്‍ത്തുന്ന ഉല്‍പ്പന്നമായി കൈത്തറിയെ മാറ്റിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇരിണാവ്, കല്ല്യാശ്ശേരി വീവേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ നിര്‍മിച്ച കൈത്തറി തുണി ബാഗുകളാണ് കലക്ടറേറ്റില്‍ വില്‍പ്പന നടത്തിയത്. സാധനങ്ങള്‍ വാങ്ങുന്നതിനുള്ള സഞ്ചിയായും ഷോള്‍ഡര്‍ ബാഗായും ബാക്ക്പാക്കായും ഉപയോഗിക്കാവുന്നതാണ് ഇരിണാവ് വീവേഴ്‌സ് സൊസൈറ്റിയുടെ 80 രൂപ വിലയുള്ള ബാഗ്. സ്ത്രീകള്‍ക്ക് പൗച്ച് പോലെ കൊണ്ടുനടക്കാവുന്ന കൈത്തറി ബാഗിന് 70 രൂപയാണ് വില. കല്യാശ്ശേരി വീവേഴ്‌സ് സൊസൈറ്റി നിര്‍മിച്ച 100 രൂപയുടെ ബാഗിന് 20 കിലോഗ്രാം വരെ സാധനങ്ങള്‍ താങ്ങാനുള്ള ശേഷിയുണ്ട്. 40 രൂപ വിലവരുന്ന ചെറിയ ബാഗും ഇവരുടേതായുണ്ട്. നിഫ്റ്റിലെ വിദ്യാര്‍ഥികള്‍ രൂപകല്‍പ്പന ചെയ്ത ഈ ബാഗുകളിലെല്ലാം “വിആര്‍ കണ്ണൂര്‍’ ലോഗോ മുദ്രണം ചെയ്തിട്ടുണ്ട്.
ആകെ 20,300 രൂപയുടെ ബാഗുകളാണ് ഇന്നലെ വിറ്റഴിഞ്ഞതെന്ന് ഇരിണാവ് വീവേഴ്‌സ് സൊസൈറ്റി സെക്രട്ടറി അനില്‍ കുമാര്‍, കല്യാശ്ശേരി വീവേഴ്‌സ് സൊസൈറ്റിയുടെ വൈശാഖ് എന്നിവര്‍ അറിയിച്ചു. വരുംദിനങ്ങളില്‍ സൊസൈറ്റി കേന്ദ്രങ്ങളില്‍ ബാഗുകള്‍ ലഭിക്കും. ബന്ധപ്പെടേണ്ട നമ്പര്‍- 0497 2867537, 9847597468 (ഇരിണാവ് വീവേഴ്‌സ്), 0497 2780726, 8547052726 (കല്യാശ്ശേരി വീവേഴ്‌സ്).
















