ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ പ്രീ ക്വാര്‍ട്ടര്‍ സ്ഥാനം ഉറപ്പിക്കാന്‍ റയല്‍ മാഡ്രിഡ്, ബൊറൂസിയ ഡോര്‍ട്ട്മുണ്ട്, ലെസ്റ്റര്‍, യുവന്റസ്, സെവിയ തുടങ്ങിയ കരുത്തര്‍ ഇന്ന് കളത്തില്‍.
ഗ്രൂപ്പ് എഫില്‍ നടക്കുന്ന എവേ മത്സരത്തില്‍ റയലിന് എതിരാളികള്‍ ലെഗിയ വാഴ്‌സോയും സ്വന്തം മൈതാനത്ത് ബൊറൂസിയക്ക് സ്‌പോര്‍ട്ടിങ്ങും എതിരാളികള്‍. ഗ്രൂപ്പില്‍ ഏഴ് പോയിന്റുമായി ബൊറൂസിയയും റയലും ഒന്നും രണ്ടും സ്ഥാനത്ത്. ഇരുടീമുകളും ഇന്ന് വിജയിച്ചാല്‍ 10 പോയിന്റുമായി നോക്കൗട്ട് റൗണ്ടില്‍ ഇടംപിടിക്കും.
കഴിഞ്ഞ ദിവസം സ്പാനിഷ് ലീഗില്‍ ഹാട്രിക്കുമായി തിളങ്ങിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് റയലിന്റെ സൂപ്പര്‍താരം. ഒപ്പം ഗരെത്ത് ബെയ്ല്‍, കരിം ബെന്‍സേമ എന്നിവരും അണിനിരക്കുമ്പോള്‍ അനായാസ വിജയമാണ് കോച്ച് സിനദിന്‍ സിദാനും കൂട്ടരും പ്രതീക്ഷിക്കുന്നത്. നിലവില്‍ സ്പാനിഷ് ലീഗിലും അവരാണ് ഒന്നാമത്. കഴിഞ്ഞ മാസം ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ റയല്‍ 5-1ന്റെ വിജയം നേടി. ബൊറൂസിയയാകട്ടെ സ്‌പോര്‍ട്ടിങ്ങിനെ 2-1നും പരാജയപ്പെടുത്തി.
എന്നാല്‍ സമീപകാലത്ത് ബൊറൂസിയയുടെ പ്രകടനം നിരാശാജനകമാണ്. ജര്‍മ്മന്‍ ലീഗില്‍ തുടര്‍ച്ചയായ നാല് മത്സരങ്ങളാണ് അവര്‍ക്ക് ജയിക്കാന്‍ കഴിയാതിരുന്നത്. ഒരെണ്ണത്തില്‍ തോറ്റപ്പോള്‍ മൂന്നെണ്ണം സമനിലയില്‍. നിലവില്‍ 9 കളികളില്‍ നിന്ന് 15 പോയിന്റ് മാത്രമുള്ള ബൊറൂസിയ ലീഗില്‍ ആറാം സ്ഥാനത്ത്.
ഗ്രൂപ്പ് ജിയില്‍ ലെസ്റ്റര്‍ ചരിത്രത്തിലാദ്യമായി നോക്കൗട്ട് റൗണ്ടില്‍ പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളും ജയിച്ച അവര്‍ ഇന്ന് കോപ്പന്‍ഹേഗനെ പരാജയപ്പെടുത്തിയാല്‍ അവസാന 16-ല്‍ ഇടംപിടിക്കാം. ആദ്യമായാണ് ലെസ്റ്റര്‍ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുന്നത്. കഴിഞ്ഞ മാസം സ്വന്തം മൈതാനത്ത് ലെസ്റ്റര്‍ 1-0ന് കോപ്പന്‍ഹേഗനെ പരാജയപ്പെടുത്തയിരുന്നു. നാല് പോയിന്റുമായി കോപ്പന്‍ഹേഗനും എഫ്‌സി പോര്‍ട്ടോയും രണ്ടും മൂന്നും സ്ഥാനത്ത്. ഇന്നത്തെ മറ്റൊരു മത്സരത്തില്‍ എഫ്‌സി പോര്‍ട്ടോ ക്ലബ് ബ്രുഗിനെ നേരിടും. കഴിഞ്ഞ മാസം എതിരാളികളുടെ തട്ടകത്തില്‍ ചെന്ന് പോര്‍ട്ടോ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിജയിച്ചിരുന്നു.
ഗ്രൂപ്പ് എച്ചില്‍ യുവന്റസിന് എതിരാളികള്‍ ലിയോണും സെവിയക്ക് ഡൈനാമോ സഗ്‌രബും. കഴിഞ്ഞ മത്സരത്തില്‍ യുവന്റസും സെവിയയും എതിരാളികളുടെ തട്ടകത്തില്‍ ചെന്ന് 1-0ന്റെ വിജയം നേടിയിരുന്നു. നിലവില്‍ മൂന്ന് കളികളില്‍ നിന്ന് 7 പോയിന്റുമായി യുവന്റസും സെവിയയും ഗ്രൂപ്പില്‍ ഒന്നും രണ്ടും സ്ഥാനത്ത്.
ഗ്രൂപ്പ് ഇയില്‍ നാല് ടീമുകള്‍ക്കും തുല്യസാധ്യതയാണുള്ളത്. നിലവില്‍ 5 പോയിന്റുമായി മൊണാക്കോയും നാല് പോയിന്റുമായി ടോട്ടനവും ഒന്നും രണ്ടും സ്ഥാനത്ത്. ബയേര്‍ ലെവര്‍ക്യുസന്‍ (3 പോയിന്റ്), സിഎസ്‌കെഎ മോസ്‌കോ (2) എന്നിവര്‍ മൂന്നും നാലും സ്ഥാനങ്ങളില്‍. ഇന്നത്തെ കളിയില്‍ മൊണാക്കോക്ക് സിഎസ്‌കെഎയും ടോട്ടനത്തിന് ബയേര്‍ ലെവര്‍ക്യുസനും എതിരാളികള്‍.
















