ചെന്നൈ: കമല്‍ഹാസനും ഗൗതമിയും വേര്‍പിരിയുന്നു. വിവാഹിതരല്ലെങ്കിലും 13 വര്‍ഷം ഒന്നിച്ചു കഴിയുകയായിരുന്നു. ബന്ധം അവസാനിപ്പിക്കുന്നുവെന്ന് ഗൗതമിയാണ് ബ്ലോഗിലൂടെ അറിയിച്ചത്.
പ്രശസ്തര്‍ വഴിപിരിയുമ്പോള്‍ പതിവുള്ള ആക്ഷേപങ്ങളോ പോര് വിളികളോ ഉണ്ടായില്ല.
ആന്ധ്രക്കാരിയായ ഗൗതമി അറിയിച്ചത്, 17 വയസുള്ള മകള്‍ക്കുവേണ്ടി പിരിയുന്നു എന്നാണ്. എഞ്ചിനീയറിംഗ് പഠനം നിര്‍ത്തി സിനിമയിലെത്തിയ ഗൗതമി, ‘അപൂര്‍വ സഹോദരങ്ങള്‍’ സിനിമാ സെറ്റില്‍ 1982 ലാണ് കമല്‍ ഹാസനെ കണ്ടുമുട്ടിയത്. 1998 ല്‍ ബിസിനസുകാരനായ സന്ദീപ് ഭാട്ടിയയെ വിവാഹം ചെയ്തു. ഒരു മകള്‍, സുബ്ബലക്ഷ്മി. 1999 ല്‍ വേര് പിരിഞ്ഞു. സ്തനാര്‍ബുദം വന്നപ്പോള്‍, കമല്‍, അവരെ ജീവിതത്തില്‍ കൂട്ടി.
മലയാളത്തില്‍ ഹിസ്ഹൈനസ് അബ്ദുള്ള, ധ്രുവം, ഡാഡി, സുകൃതം എന്നീ സിനിമകളില്‍ അഭിനയിച്ച ഗൗതമി, ഒടുവില്‍ കമലിനൊപ്പം വന്നത്, ‘ദൃശ്യ’ത്തിന്റെ തമിഴ് പതിപ്പായ ‘പാപനാശ’ത്തിലാണ്.
‘ജീവിതവും തീരുമാനങ്ങളും’ എന്ന പേരില്‍ ഗൗതമി ബ്ലോഗില്‍ എഴുതിയതില്‍ നിന്ന്:
ഞാനും കമല്‍ഹാസനും വേര്‍പിരിയുന്നുവെന്ന് പറയുന്നത് എന്നെ സംബന്ധിച്ച് ഹൃദയഭേദകമാണ്. 13 വര്‍ഷമായി ഞങ്ങള്‍ ഒന്നിച്ചായിരുന്നു. ജീവിതത്തില്‍ എടുത്തിട്ടുള്ളതില് ഏറ്റവും മനഃക്ലേശമുണ്ടാക്കുന്ന തീരുമാനമാണിത്. അഗാധ ബന്ധങ്ങള്‍ പിരിയുക ആര്‍ക്കും അത്ര എളുപ്പമല്ല. പക്ഷേ, മടങ്ങിവരാനാകാത്തവിധം അകന്നാല്‍ പിന്നെ ഒന്നുകില്‍ പിരിയുക, അല്ലെങ്കില്‍ സ്വപ്നങ്ങള്‍ മതിയാക്കി ഒത്തുതീര്‍പ്പിലെത്തി തുടരുക. ഞാന്‍ ഏറെ നാള്, കുറഞ്ഞത് രണ്ടു വര്‍ഷത്തോളമെടുത്തു ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനും തീരുമാനമെടുക്കാനും.
ആരെയും പഴിക്കാനില്ല, സഹതാപം നേടാനും. മാറ്റം അനിവാര്യമെന്ന് ജീവിതത്തില്‍നിന്ന് ഞാനറിഞ്ഞു. അത് ഓരോരുത്തരിലും വ്യത്യസ്തമാണെന്നും. തീരുമാനം എന്റേതുമാത്രമാണ്, ജീവിതത്തിന്റെ ഇത്തരമൊരു ഘട്ടത്തില്‍ ഏത് സ്ത്രീയെ സംബന്ധിച്ചും വിഷമം പിടിച്ചതാണെങ്കിലും ഇത് അനിവാര്യമാണ്. ഞാന്‍ അമ്മയാണ്, എനിക്ക് പ്രധാനം കുഞ്ഞിനോടുള്ള ഉത്തരവാദിത്തമാണ്. അതിന് സ്വയം സ്വസ്ഥയാകേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: