ന്യൂദൽഹി: ദീപാവലി ആഘോഷത്തിനിടയിൽ ദൽഹി ഫയർ ഫോഴ്സ് സ്റ്റേഷനുകളിലേക്ക് പരാതികളുടെ പ്രവാഹം. 173 ഫോൺ കോളുകളാണ് ഫയർഫോഴ്സ് അധികൃതർക്ക് ലഭിച്ചത്. ഇതിൽ മൂന്ന് പേർക്ക് പടക്കം പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റിട്ടുമുണ്ടെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ദീപാവലി ദിവസം രാത്രി എട്ട് മണി മുതൽ പത്ത് മണിവരെയുള്ള സമയത്താണ് ഏറ്റവും കൂടുതൽ ഫോൺ കോളുകൾ സ്റ്റേഷനുകളിൽ ലഭിച്ചത്. ഈ സമയത്താണ് ജനങ്ങൾ ഏറ്റവും കൂടുതൽ പടക്കം പൊട്ടിക്കുന്നത്. അപകടങ്ങൾ മുന്നിൽ കണ്ടു കൊണ്ട് തന്നെ 1500ഓളം ഫയർ ഫോഴ്സ് സേനാംഗങ്ങളെ ദൽഹിയിലെ പ്രധാനപ്പെട്ട എല്ലായിടങ്ങളിലും രാക്ഷാ ഉപകരണങ്ങളുമായി വിന്യസിച്ചിരുന്നെന്ന് ദൽഹി ഫയർഫോഴ്സ് വകുപ്പിന്റെ തലവൻ ജിസി മിശ്ര പറഞ്ഞു.
അപകടം നടന്ന എല്ലായിടത്തും സേനാംഗങ്ങൾ കൃത്യ സമയത്ത് എത്തിയെന്നും ദീപാവലി ദിനത്തിൽ മികച്ച രീതിയിലുള്ള സേവനമാണ് ഫയർ ഫോഴ്സ് കാഴ്ചവെച്ചതെന്നും മിശ്ര കൂട്ടിച്ചേർത്തു.
















