പാനൂര്‍: പാനൂര്‍ ആശുപത്രി കെട്ടിടസ്ഥലം കയ്യേറിയ പളളികമ്മറ്റിക്കെതിരെ ജനകീയവേദി കോടതിയില്‍. 1939ല്‍ ഇവാഞ്ചലിക്കല്‍ മിഷ്യന്‍ സൊസൈറ്റി വിലയ്‌ക്കു വാങ്ങി ആശുപത്രി, സ്‌ക്കൂള്‍ എന്നിവ തുടങ്ങാന്‍ വിട്ടുകൊടുത്ത സ്ഥലമാണ് പളളിക്കമ്മറ്റി അവരുടെ സ്ഥലമാണെന്ന അവകാശവാദമുന്നയിക്കുന്നത്.
വസ്തുവിന്റെ പേരില്‍ ഭൂനികുതി രാഷ്‌ട്രീയ സ്വാധീനമുപയോഗിച്ച് തരപ്പെടുത്തിയാണ് സ്ഥലം കയ്യേറിയത്. താലൂക്ക് ആശുപത്രിക്കായി പുതിയ സ്ഥലം കണ്ടെത്തി പ്രവര്‍ത്തനം ആരംഭിച്ചതോടെ ടൗണിലെ കോടികള്‍ വിലവരുന്ന 36സെന്റ് സ്ഥലം കൈക്കലാക്കാനാണ് പളളിക്കമ്മറ്റിയുടെ തീവ്രശ്രമം.
ആശുപത്രി ഇവിടെ നിന്നും മാറുന്ന മുറക്ക് നികുതിദായകരായവര്‍ക്ക് ഭൂമി തിരികെ ലഭ്യമാകും. ഇതു മുന്നില്‍ കണ്ടായിരുന്നു കെപി.മോഹനന്‍ മന്ത്രിയായ സമയത്ത് ആശുപത്രി കെട്ടിടം ഇവിടെ നിന്നും മാറ്റാന്‍ ശ്രമമാരംഭിച്ചത്. ഇതിനായി ബൈപാസ് റോഡില്‍ സ്ഥലം കണ്ടെത്തി പണപ്പിരിവും ആരംഭിച്ചിരുന്നു. ജനകീയവേദി സെക്രട്ടറി ഇ.മനീഷ് തലശേരി മുന്‍സീഫ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ജില്ലാകലക്ടര്‍, മെഡിക്കല്‍ ഓഫീസര്‍, പളളി കമ്മറ്റി സെക്രട്ടറി എന്നിവര്‍ നവംബര്‍ 4ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവായിട്ടുണ്ട്. തിങ്കളാഴ്ച കോടതി നിശ്ചയിച്ച കമ്മീഷനും തെളിവെടുപ്പിനായി എത്തും. അനധികൃതമായി ആശുപത്രി കെട്ടിടം സ്ഥലം കയ്യേറിയ പളളിക്കമ്മറ്റി നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
















