പയ്യാവൂര്‍: 21-ാമത് സംസ്ഥാന റോഡ് സൈക്കിളിങ്ങ് ചാമ്പ്യന്‍ഷിപ്പ് പൈസക്കരിയില്‍ ആരംഭിച്ചു. പൈസക്കരി സ്‌പോര്‍ട്‌സ് അക്കാദമി, പൈസക്കരി ദേവമാതാ ഹൈസ്‌കൂള്‍ എന്നിവയുടെ സഹകരണത്തോടെ ജില്ലാ സൈക്കിളിങ്ങ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. മത്സരങ്ങള്‍ ഇന്ന് സമാപിക്കും. ഇന്നലെ രാവിലെ സംസ്ഥാന സൈക്കിളിങ്ങ് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് കെ.വി.മുരളീധരന്‍ നായര്‍ പതാകയുയര്‍ത്തി ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് നടന്ന ആദ്യമത്സരം പയ്യാവൂര്‍ എസ്‌ഐ സി.മല്ലിക, പഞ്ചായത്ത് അംഗം ബിനോയ് ആലിങ്കത്തടത്തില്‍, ഫാദര്‍ ജോര്‍ജ്ജ് പടിഞ്ഞാറേ ആനിശ്ശേരിയില്‍ എന്നിവര്‍ ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി 300 ല്‍പ്പരം സൈക്കിളിങ്ങ് പ്രതിഭകളാണ് 40 ഓളം വിഭാഗങ്ങളിലായി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.
ഇന്ന് രാവിലെ നടക്കുന്ന സമാപന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് സമ്മാനദാനം നിര്‍വ്വഹിക്കും. ഒ.കെ.വിനീഷ് മുഖ്യാതിഥിയാകും. ഇന്നലെ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ സൈക്കിളിങ്ങ് അസോസിയേഷന്‍ പ്രസിഡണ്ട് കീര്‍ത്തി വിനോദ് അധ്യക്ഷത വഹിച്ചു. ഫാദര്‍ ജോസ് വെട്ടിക്കല്‍, എസ്.എസ്.സുധീഷ് കുമാര്‍, ഡെയ്‌സി ചിറ്റിലപ്പറമ്പില്‍, പി.കെ.സരസ്വതി, ജോളി കാട്ടുവിള, കെ.ശാന്തകുമാര്‍, പി.വി.ഗംഗാധരന്‍, കെ.അബ്ദുള്‍ നാസര്‍, വി.പി.പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.
















