ആലപ്പുഴ: പക്ഷിപ്പനി ബാധിച്ച് ചത്തതുള്‍പ്പടെ ഇന്നലെ 1,325 താറാവുകളെ മൃഗസംരംക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള ദ്രുതകര്‍മസേന സംസ്‌കരിച്ചു. തകഴി പഞ്ചായത്തില്‍ ചത്ത 197 താറാവുകളെയും, നീലം പേരൂരില്‍ 882 താറാവുകളെയും, ചെറുതന പഞ്ചായത്തില്‍ രോഗം ബാധിച്ച നിലയില്‍ കണ്ടെത്തിയ 246 താറാവുകളെയുമാണ് സംസ്‌കരിച്ചത്. മുട്ടാര്‍ പഞ്ചായത്തില്‍ ദ്രുത കര്‍മ സേന പുതുതായി രോഗ ലക്ഷണങ്ങള്‍ കണ്ടെത്താത്തതിനാല്‍ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം വരെ ഇവിടെ രോഗം കണ്ടെത്തിയ 4499 താറാവുകളെ ഒറ്റപ്പെടുത്തി സംസ്‌കരിച്ചിരുന്നു. ഇന്നും രാവിലെ ദ്രുതകര്‍മസേനാംഗങ്ങള്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം തകഴി, നീലം പേരൂര്‍, ചെറുതന എന്നിവിടങ്ങളില്‍ പ്രവര്‍ത്തനം തുടരുമെന്ന് നോഡല്‍ ഓഫീസറായ ഡോ.ഗോപകുമാര്‍ പറഞ്ഞു. ആറു സംഘങ്ങളാണ് പ്രവര്‍ത്തന രംഗത്തുള്ളത്. മൃഗസംരക്ഷണ വകുപ്പിന്റെ ഡോക്ടര്‍മാരും ജീവനക്കാരും പഞ്ചായത്ത് ഭരണ സമിതിയംഗങ്ങളും പൊതുപ്രവര്‍ത്തകരും ചേര്‍ന്നാണ് നിവാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നത്.
















