എരുമേലി: കാളകെട്ടിയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരുടെ നേതൃത്വത്തിലുള്ള വന സംരക്ഷണ സമിതിയില്‍ തര്‍ക്കങ്ങളുണ്ടാക്കി സമിതിയുടെ പ്രവര്‍ത്തനം അട്ടിമറിക്കാന്‍ നീക്കം നടത്തുന്ന കച്ചവട മാഫിയ സംഘങ്ങള്‍ക്ക് പിന്നില്‍ വനം വകുപ്പിലെ ചില ഉദ്യോഗസ്ഥരാണന്ന് വ്യാപക പരാതി.
കഴിഞ്ഞ ദിവസം വനസംരക്ഷണ സമിതി പ്രസിഡന്റ് വി.പി മോഹനന്റെ നിര്‍ദ്ദേശം അവഗണിച്ച് കച്ചവടക്കാരുടെ നേതൃത്വത്തിലുള്ള ഒരു സംഘമാളുകള്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട സമിതിയിലെ അംഗങ്ങളെ മര്‍ദ്ദിച്ച സംഭവത്തില്‍ വനം വകുപ്പിന്റെ മൗനമാണ് ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുന്നത്.
നിയമവിരുദ്ധമായി കാളകെട്ടിയില്‍ നിന്നും മൂക്കന്‍പ്പെട്ടിയിലേക്ക് യോഗം മാറ്റി നടത്താനുള്ള നീക്കം ചോദ്യം ചെയ്തതാണ് ക്ഷുഭിതരായ കച്ചവടമാഫിയ സംഘങ്ങള്‍ അക്രമം അഴിച്ചുവിട്ടത്. എന്നാല്‍ മൂന്നു പേര്‍ക്ക് മര്‍ദ്ദനമേറ്റിട്ടും യോഗം മാറ്റിവയ്‌ക്കാതെ ഡിഎഫ്ഒയുടെ നേതൃത്വത്തില്‍ കച്ചവടക്കാരെ ഉള്‍പ്പെടുത്തി കമ്മറ്റി കൂടുകയായിരുന്നുവെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ പറഞ്ഞു.
വനസംരക്ഷണ സമിതിയിലെ കരാര്‍ വ്യവസ്ഥകള്‍ അട്ടിമറിച്ച് പ്രദേശത്തെ ഒരു കച്ചവടക്കാരന് കഴിഞ്ഞ പത്ത് വര്‍ഷമായി ശൗചാലയം നടത്താന്‍ കരാര്‍ നല്‍കുന്നതിനു പിന്നില്‍ വന്‍ അഴിമതി നടക്കുന്നുവെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഈ പരാതിയാണ് വനം വകുപ്പിനേയും വെട്ടിലാക്കിയിരിക്കുന്നത്. വനസംരക്ഷണ സമിതിയില്‍ അംഗങ്ങളാണെന്ന് ചൂണ്ടിക്കാട്ടി തീര്‍ത്ഥാടന കാലത്ത് വരുന്ന കച്ചവടക്കാരെ രംഗത്തിറക്കിയാണ് അക്രമത്തിന് വഴിയൊരുക്കിയത്. എന്നാല്‍ സത്യാവസ്ഥ ബോദ്ധ്യമായിട്ടും നടപടിയെടുക്കാതെ കച്ചവട മാഫിയകള്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന നീക്കമാണ് കാളകെട്ടിയില്‍ നടക്കുന്നതെന്നും സമിതി പ്രസിഡന്റ് വി. പി. മോഹനന്‍ ‘ജന്മഭൂമി’ യോട് പറഞ്ഞു.
















