ആധുനിക ഭാരതത്തിന്റെ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടങ്ങളില്‍ ഒന്ന് എന്ന് വിശേഷിപ്പിക്കാവുന്ന വര്‍ഷമാണ് 1984. അതിന് തൊട്ടുമുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1975 ജൂണ്‍ 25 മുതല്‍ 1977 മാര്‍ച്ച് 21 വരെയുള്ള 21 മാസക്കാലമായിരുന്നു കൂടുതല്‍ ഭീദിതമായത്. ഈ രണ്ട് കാലഘട്ടത്തിലും വിമര്‍ശിക്കപ്പെട്ടത് ഇന്ദിരാഗാന്ധിയായിരുന്നു. 1984 ഒക്ടോബര്‍ 31 ന് സിഖുകാരായ അംഗരക്ഷകരുടെ വെടിയേറ്റ് അവര്‍ കൊല്ലപ്പെട്ടു. അതിനുശേഷം ഏതാനും ദിവസം രാജ്യം അരക്ഷിതാവസ്ഥയില്‍ തന്നെയായിരുന്നു, പ്രത്യേകിച്ചും സിഖ് വംശജര്‍. പഞ്ചാബിലേയും ദല്‍ഹിയിലേയും സിഖ് ജനത നേരിടേണ്ടിവന്നത് മനുഷ്യത്വരഹിതമായ നടപടികളായിരുന്നു. സംഭവം നടന്ന് 32 വര്‍ഷം പിന്നിടുമ്പോഴും അവരുടെ മനസ്സിനേറ്റ മുറിപ്പാടുകള്‍ പൂര്‍ണമായും ഭേദപ്പെട്ടിട്ടുമില്ല.
ചരിത്രത്തിന്റെ ഭാഗമായ സംഭവങ്ങളെ ദൃശ്യവത്കരിക്കുക എന്നത് ഇക്കാലത്തെ പ്രവണതയാണ്. ഇന്ദിരാഗാന്ധിയുടെ വധത്തിന് ശേഷമുള്ള സംഭവവികാസങ്ങള്‍ പ്രമേയമാക്കി ശിവാജി ലോതാന്‍ പാട്ടില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒക്ടോബര്‍ 31. സിഖ് വിരുദ്ധകലാപത്തോടനുബന്ധിച്ചുണ്ടായ യഥാര്‍ത്ഥ സംഭവം ആധാരമാക്കിയുള്ള ചിത്രത്തില്‍ വീര്‍ദാസും സോഹ അലിഖാനുമാണ് കേന്ദ്രകഥാപാത്രങ്ങള്‍.
ഒരിടത്തരം സിഖ് കുടുംബത്തിന്, ഇന്ദിരാഗാന്ധി വധത്തിന് ശേഷം നേരിടേണ്ടിവന്ന പ്രശ്നങ്ങളിലൂടെയാണ് ഒക്ടോബര്‍ 31 പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്. ദേവീന്ദര്‍ സിങും തേജീന്ദര്‍ കൗറും അവരുടെ മൂന്ന് കുട്ടികളും അടങ്ങുന്ന സന്തുഷ്ട കുടുംബം കലാപത്തെ എത്തരത്തില്‍ അതിജീവിക്കുന്നു എന്നതാണ് പ്രമേയം. രാത്രിയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. സിഖുക്കാരെ തിരഞ്ഞുപിടിച്ച് വകവരുത്തിയതും, സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങളും, കുടുംബത്തെ ചുട്ടെരിച്ചതുമെല്ലാം ഇന്ദിരാ വധത്തിനുശേഷമുള്ള അനന്തരഫലമാണ്.
ചിത്രം പ്രദര്ശനത്തിനെത്തിക്കുന്നതിന് ഒട്ടേറെ വെല്ലുവിളികള്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്നിരുന്നു. ഭാരതത്തിലെ പഴക്കം ചെന്ന രാഷ്ട്രീയ പാര്‍ട്ടിയെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് അജയ് കട്ടാറാണ് ദല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. സെല്‍സര്‍ ബോര്‍ഡില്‍ പരാതിപ്പെടാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ഈ ഹര്‍ജി തള്ളി. ഒടുവില്‍ സെല്‍സര്‍ ബോര്‍ഡ് കത്രികവച്ചതിനുശേഷം, രക്തച്ചൊരിച്ചിലും അതിക്രമങ്ങളും ഉള്ള രംഗങ്ങള്‍ നീക്കം ചെയ്ത ശേഷമാണ് ഒക്ടോബര്‍ 31, ഒക്ടോബര്‍ 21 ന് പ്രദര്‍ശനത്തിനെത്തിയത്. വൈകാരിക തലം ചിത്രീകരിക്കുന്നതില്‍ പൂര്‍ണത കൈവന്നിട്ടില്ല എന്നത് ന്യൂനതയായി നിരൂപകര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്.
കോമഡി വേഷങ്ങളിലൂടെ ശ്രദ്ധേയനായ വീര്‍ദാസ് മുഖ്യകഥാപാത്രമായ ദേവീന്ദര്‍ സിങിനെയാണ് അവതരിപ്പിക്കുന്നത്. ഹാരി സച്ച്ദേവാണ് നിര്‍മാണം. ലാഖ ലഖ്വീന്ദര് സിങ്, ദീപ് രാജ് റാണ, വിനീത് ശര്‍മ, നാഗേഷ് ഭോന്‍സ്ലെ, ദയ ശങ്കര്‍ പാണ്ഡെ തുടങ്ങിയവരാണ് സഹതാരങ്ങള്‍. മെഹബൂബ്, മൊയസം അസം എന്നിവരുടെ വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് വിജയ് വര്‍മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: