കരുമാടി: അമ്പലപ്പുഴ തിരുവല്ല റോഡിന്റെ പൊതുസ്ഥലം മണ്ണിട്ട് നികത്തി സ്വകാര്യ വ്യക്തി കയ്യേറി. കരുമാടി പാലത്തിന് സമീപമാണ് സര്‍ക്കാര്‍ഭൂമി സ്വകാര്യവ്യക്തി നികത്തുന്നത്. വര്‍ഷങ്ങള്‍ക്കുമുന്‍പ് അമ്പലപ്പുഴ – തിരുവല്ല റോഡിന്റെ നിര്‍മ്മാണത്തിനുവേണ്ടി മണല്‍ എടുത്തശേഷം തോടായി കിടന്ന സ്ഥലമാണിത്. ഇതുവരെ പതിനാറ് സെന്റോളം സ്ഥലം ഇയാള്‍ ഗ്രാവല്‍ അടിച്ച് നികത്തിയിരിക്കുന്നത്.
ഇയാളുടെ രാഷ്‌ട്രീയബന്ധവും ഉദ്യോഗസ്ഥരുടെയിടയിലുളള സ്വാധീനവും കാരണം നിരവധി തവണ നാട്ടുകാര്‍ പ്രതികരിച്ചിട്ടും നടപടിയുണ്ടായില്ല. കഴിഞ്ഞ വര്‍ഷം നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് നടത്തിയ തട്ടിപ്പുകേസില്‍ ജയില്‍ശിക്ഷ അനുഭവിച്ച വ്യക്തിയുടെ നേതൃത്വത്തിലാണ് തോട് കയ്യേറി നികത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
അമ്പലപ്പുഴ തെക്ക് പഞ്ചായത്തിന്റെ ഏഴാംവാര്‍ഡും തകഴി പഞ്ചായത്തിന്റെ പതിനാലാംവാര്‍ഡും ചേരുന്ന ഭാഗമാണ് കയ്യേറിയിരിക്കുന്നത്. പൊതുസ്ഥലം പരസ്യമായി കയ്യേറിയിട്ടും നടപടിയെടുക്കാത്ത സാഹചര്യത്തില്‍ മറ്റ് പ്രദേശത്തും ഇത്തരത്തില്‍ കയ്യറ്റങ്ങളുണ്ടാകാന്‍ കാരണമാകുമെന്നും ഇത് അമ്പലപ്പുഴ തിരുവല്ല റോഡിന്റെ വികസനത്തിന് തടസ്സമാകുമെന്നും നാട്ടുകാര്‍ പറയുന്നു.
















