മുംബൈ: ബോളീവുഡ് നടിയും ബിജെപി എംപിയുമായ ഹേമമാലിനിക്ക് നൃത്ത വിദ്യാലയം ആരംഭിക്കാന്‍ നല്‍കിയ സ്ഥലം അവര്‍ ഏറ്റെടുത്തില്ലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍. അന്ധേരിയില്‍ ഹേമമാലിനിക്ക് സ്ഥലം അനുവദിച്ചതുമായി ബന്ധപ്പെട്ട ഹര്‍ജി ബോംബെ ഹൈക്കോടതി പരിഗണിക്കവേയാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ കേതന്‍ തിരോദ്കര്‍ നല്‍കിയ പൊതുതാത്പ്പര്യ ഹര്‍ജി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് പരിഗണിച്ചത്. സ്ഥലം ഏറ്റെടുക്കാത്തതിനാല്‍ കേസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി അറിയിച്ചു.
നൃത്ത വിദ്യാലയം തുടങ്ങുന്നതിനായി വെര്‍സോവയിലാണ് സംസ്ഥാന സര്‍ക്കാര്‍ ആദ്യം സ്ഥലം അനുവദിച്ചത്. ഈ സ്ഥലം തീരദേശ നിയന്ത്രണ മേഖലയില്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ സ്ഥലം മാറ്റി നല്‍കാന്‍ ഹേമമാലിനി ആവശ്യപ്പെടുകയായിരുന്നു. 2015ലാണ് സബര്‍ബന്‍ അന്ധേരിയിലെ സ്ഥലം അനുവദിച്ചത്.
















