മുംബൈ: അമ്പയറുടെ തീരുമാനം പുനഃപരിശോധിക്കാന്‍ അവസരം നല്‍കുന്ന ഡിസിഷ്യന്‍ റിവ്യൂ സിസ്റ്റത്തിന് (ഡിആര്‍എസ്) ബിസിസിഐയുടെ അംഗീകാരം. അടുത്ത മാസം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഡിആര്‍എസ് പരീക്ഷണാര്‍ത്ഥം ഉയോഗിക്കാന്‍ ബിസിസിഐ തീരുമാനിച്ചു.
മറ്റ് ടെസ്റ്റ് രാജ്യങ്ങളെല്ലാം ഡിആര്‍എസിന് അനുകൂല നിലപാട് സ്വീകരിച്ചിട്ടും ബിസിസിഐ ഇത് നടപ്പാക്കേണ്ടന്നെ നിലപാടിലായിരുന്നു. ഇതുമൂലം ഇന്ത്യ ഉള്‍പ്പടുന്ന പരമ്പരകളില്‍ ഡിആര്‍എസ് ഉപയോഗിച്ചിരുന്നില്ല. പന്ത് പാഡില്‍ കൊണ്ടശേഷം സഞ്ചരിക്കാവുന്ന ദിശ സംബന്ധിച്ച പ്രവചനത്തിന്റെ കാര്യത്തിലാണ് ഇന്ത്യ ശക്തമായ എതിര്‍പ്പ് പ്രകടമാക്കിയിരുന്നത്. എല്‍ബിഡബ്ലിയു സംബന്ധിച്ച തീരുമാനങ്ങളെ നിര്‍ണായകമായി സ്വാധീനിക്കുന്ന ഒരു മേഖലയാണിത്.
അള്‍ട്രാ മോഷന്‍ കാമറകള്‍ ഉപയോഗിച്ച് ഇതിന് പരിഹാരം കണ്ടിട്ടുണ്ട്.
ബിസിസിഐ പ്രകടിപ്പിച്ച എല്ലാ ആശങ്കകള്‍ക്കും പരിഹാരം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഡിആര്‍എസ് ഉപയോഗിക്കാന്‍ തീരുമാനിച്ചതെന്ന് ബിസിസിഐ പ്രസിഡന്റ് അനുരാഗ് താക്കൂര്‍ പറഞ്ഞു.
2011-ല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഡിആര്‍എസ് ഉപയോഗിച്ചിരുന്നെങ്കിലും അമ്പയറുടെ എല്‍ബിഡബ്യൂ തീരുമാനങ്ങള്‍ക്ക് പുനഃപരിശോധന നല്‍കാന്‍ അനുമതി ഉണ്ടായിരുന്നില്ല.
ഇംഗ്ലണ്ടിനെതിരായ പരമ്പരക്കു ശേഷം ലഭിക്കുന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ തുടര്‍ന്നുള്ള പരമ്പരകളില്‍ ഡിആര്‍എസ് ഉപയോഗിക്കുന്നത് സംബന്ധിച്ച തീരുമാനം കൈകൊള്ളും.
നിലവില്‍ ഇന്ത്യ പങ്കെടുക്കുന്ന പരമ്പരകളില്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം തെറ്റെന്ന് തോന്നിയാല്‍ പുനഃപരിശോധിക്കാന്‍ ടീമുകള്‍ക്ക് അവസരമില്ല.
ഡിആര്‍എസ് നടപ്പിലാക്കുന്നതോടെ അമ്പയറുടെ തീരുമാനം തേഡ് അമ്പയര്‍ വഴി ചോദ്യം ചെയ്യാന്‍ ടീമുകള്‍ക്കാകും.
















