മുംബൈ: ഐഎസ്എല്‍ മൂന്നാം പതിപ്പില്‍ വിജയം കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുന്ന നിലവിലെ റണ്ണേഴ്‌സ് എഫ്‌സി ഗോവ ഇന്ന് നിര്‍ണായക മത്സരത്തിനിറങ്ങുന്നു. എതിരാളികള്‍ മുംബൈ സിറ്റി എഫ്‌സി.
കളിച്ച നാല് മത്സരങ്ങളില്‍ മൂന്നിലും തോറ്റ ഗോവക്ക് കഴിഞ്ഞ ദിവസം അത്‌ലറ്റികോക്കെതിരെ നേടിയ സമനില മാത്രമാണ് ആശ്വാസം. ഒരു പോയിന്റുമായി പട്ടികയില്‍ എട്ടാമതാണ് അവര്‍.
അതേസമയം മുംബൈ സിറ്റി എഫ്‌സി രണ്ടാമതാണ്. രണ്ട് വീതം വിജയവും സമനിലയും ഒരു പരാജയവുമടക്കം എട്ട് പോയിന്റ്.
ഇന്നും ഗോവക്കു ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഐഎസ്എല്ലിലെ തുടര്‍ച്ചയായ ആദ്യ അഞ്ച്—മത്സരങ്ങളില്‍ ഒന്നുപോലും ജയിക്കാന്‍ കഴിയാത്ത ആദ്യ ടീമെന്ന ചിത്തപ്പേരാണ് കാത്തിരിക്കുന്നത്.
എന്നാല്‍ മുംബൈ സിറ്റി ഇന്ന് തികഞ്ഞ ആത്മവിശ്വാസത്തില്‍. മാര്‍ക്വീതാരം ഉറുഗ്വെയുടെ ഡീഗോ ഫോര്‍ലാന്‍ ഇന്ന് കളത്തിലിറങ്ങുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ടീമിന്റെ പ്രകടനം ഏറെ ആശാവഹമല്ല. ബ്ലാസ്‌റ്റേഴ്‌സിനോട് 1-0ന് പരാജയപ്പെട്ടതിനു പിന്നാലെ ദല്‍ഹിയോട് 3-3ന് സമനില വഴങ്ങേണ്ടിയും വന്നു.
കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ പരുക്കുമൂലം വിട്ടു നിന്ന മാര്‍ക്വീതാരം ഡീഗോ ഫോര്‍ലാന്‍ ഇന്ന് മുംബൈക്കുവേണ്ടി കളിക്കാനിറങ്ങും. അതിനിടെ ദല്‍ഹിക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ അന്‍വര്‍ അലി, ലിയോ കോസ്റ്റ എന്നിവര്‍ ഇന്ന് കളത്തിലിറങ്ങില്ല.
















