കല്‍പ്പറ്റ: കൃഷ്ണഗിരി ഗിരിമകുടങ്ങളില്‍നിന്നുള്ള കുളിര്‍ക്കാറ്റേല്‍ക്കുന്ന വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റ് പൂരം. പച്ചമലകള്‍ക്കുനടുവില്‍ ലോകം പ്രകീര്‍ത്തിച്ച സ്റ്റേഡിയം രഞ്ജി ടൂര്‍ണ്ണമെന്റിലെ മൂന്ന് മത്സരങ്ങള്‍ക്കാണ് ഇത്തവണ വേദിയാകുന്നത്.
ഒക്‌ടോബര്‍ 27 മുതല്‍ 30 വരെ നടക്കുന്ന ആദ്യ മത്സരത്തില്‍ ഝാര്‍ഖണ്ഡും വിദര്‍ഭയുമാണ് ഏറ്റുമുട്ടുന്നത്. രണ്ടാം മത്സരം നവംബര്‍ 21 മുതല്‍ 24 വരെ നടക്കും. രാജസ്ഥാനും ദല്‍ഹിയുമാണ് മാറ്റുരക്കുക. നവംബര്‍ 29 മുതല്‍ ഡിസംബര്‍ രണ്ട് വരെ മൂന്നാം മത്സരം നടക്കും. ഒഡീഷയ്‌ക്ക് മഹാരാഷ്‌ട്രയാണ് ഇവിടെ എതിരാളികള്‍. മത്സരത്തിനുള്ള ഒരുക്കങ്ങളെല്ലാം കൃഷ്ണഗിരിയില്‍ പൂര്‍ത്തിയായിവരുന്നു. എന്നാല്‍ കേരളത്തിന്റെ മത്സരങ്ങള്‍ക്ക് ആഥിത്യം വഹിക്കാന്‍ സാധിക്കാത്തതിന്റെ വിഷമം ക്രിക്കറ്റ് പ്രേമികള്‍ക്കുണ്ട്.
ആദ്യ മത്സരത്തില്‍ വിദര്‍ഭയെ നയിക്കുന്നത് ഈ വര്‍ഷം അരങ്ങേറിയ ഫൈസ് ഫൈസലാണ്. രാജ്യത്തിനായി അരങ്ങേറ്റ മത്സരത്തില്‍ അര്‍ദ്ധസെഞ്ചുറി നേടിയ ഫൈസിനൊപ്പം ശലഭ് ശ്രീവാസ്തവ, രജനീഷ് കുര്‍ബാനി, സഞ്ജയ് രാമസ്വാമി തുടങ്ങിയ താരങ്ങളുമുണ്ടാവും. ഝാര്‍ഖണ്ഡി നയിക്കുന്നത് ഇന്ത്യന്‍ പേസര്‍ വരുണ്‍ അരോണ്‍. സൗരഭ് തിവാരി, ഷഹനബാസ് നദീം, ഇശാന്‍ കിസന്‍ തുടങ്ങിയ താരങ്ങളും പാഡണിയും. ദല്‍ഹിയെ നയിക്കുന്നത് ഉന്മുക്ത്ചന്ദ്.
മോഹിത് ശര്‍മ്മ, പര്‍വീന്ദര്‍ അവാന, പവന്‍ സുയല്‍ തുടങ്ങിയ പ്രമുഖര്‍ കളിക്കാനിറങ്ങും. പങ്കജ് സിംഗാണ് രാജസ്ഥാന്‍ നായകന്‍. രജത് ഭാട്യ, വിനീത് സക്‌സേന, അശോക് മനേരിയ, തന്‍വീര്‍ മശാര്‍ത്ഥ് ഉള്‍ഹക് തുടങ്ങിയവരും ടീമില്‍. മഹാരാഷ്‌ട്ര ടീം കേദാര്‍ ജാദവിന്റെ നേതൃത്വത്തില്‍ പാഡണിയും. ഗോഖലെ ചിരാഗ് ഖുരാന, അന്‍കിത് ബച്ച്‌ന, ശ്രീകാന്ത് മുണ്ഡെ തുടങ്ങിയവര്‍ കളത്തിലിറങ്ങും. ഒഡീഷയെ നയിക്കുന്നത് ഗോവിന്ദ് പൊഡാറാണ്. ബസന്ത് മൊഹന്തി, അവിനാശ് സാഹ, ധീരജ് സിങ്, രശ്മി സാഹു, ബിച്ചിലെസ് സാമന്ത്‌റെ തുടങ്ങിയവരാണ് പ്രമുഖ താരങ്ങള്‍.
സ്റ്റേഡിയത്തിലെ ഔട്ട്ഫീല്‍ഡ് ജോലികള്‍ പൂര്‍ത്തിയായി. പിച്ചുകളുടെ നിര്‍മ്മാണവും അവസാനഘട്ടത്തിലാണ്. വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജാഫര്‍സേട്ട്, സെക്രട്ടറി നാസര്‍ മച്ചാന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്റ്റേഡിയത്തില്‍ അവസാന വട്ട മിനുക്കുപണികള്‍ നടന്നുവരുന്നു.
















